തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുന്‍പാണ് ശശി തരൂര്‍ ഇപ്പോള്‍ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രതികരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂരിന്റെ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തരൂര്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ ചെന്നിത്തല ഓര്‍പ്പിക്കുകയും ചെയ്തു. ഇതോടെ പുതിയ അഭിമുഖത്തിലെ വിവാദങ്ങള്‍ ശമിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഹൈക്കമാണ്ട് വിശദീകരണം ചോദിച്ചാലും ഇക്കാര്യമാകും ശശി തരൂരും പറയുക. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശമുള്ളതുകൊണ്ടാണ് കൂടുതല്‍ നേതാക്കള്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്ത് വരാത്തത്.

താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ശശി തരൂര്‍ യു.എന്നില്‍നിന്ന് വിട്ടുവന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് പാര്‍ട്ടിയില്‍ ചേരണമെന്ന് പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് നില്‍ക്കണമെന്നാണ് താനന്ന് നിര്‍ദേശിച്ചത് സത്യമാണ്. ശശി തരൂര്‍ പറഞ്ഞ ഇക്കാര്യം നൂറുശതമാനം ശരിയാണ്. അദ്ദേഹത്തെപ്പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തരൂരിനെ ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 'പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെ.പി.സി.സി സമ്പൂര്‍ണ സമ്മേളനത്തിലേക്ക് കെ.പി.സി.സി പ്രസിഡന്റായിരുന്ന ഞാന്‍ ക്ഷണിച്ചു. സോണിയാ ഗാന്ധിയും ഉണ്ടായിരുന്ന വേദിയില്‍ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് ശശി തരൂര്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കേണ്ടതിലെ അനിവാര്യതകൊണ്ടാണല്ലോ അദ്ദേഹത്തെ നാലുതവണ കോണ്‍ഗ്രസ് എം.പിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരംസമിതിയംഗങ്ങളില്‍ ഒരാളാക്കിയതും.' രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞത്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകവേ കൂടുതല്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തന്റെ കഴിവുകള്‍ പാര്‍ട്ടി വേണ്ടവിധത്തില്‍ വിനിയോഗിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. എഐസിസി തരൂരിനോട് വിശദീകരണം ചോദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ചോദിച്ചാലും രാഹുലിനെ കാണുന്നതിന് മുമ്പ് നല്‍കിയതാണ് അഭിമുഖം എന്ന നിലപാടാകും ഹൈക്കമാണ്ടിന് മുന്നില്‍ വയ്ക്കുക.

'ഫെബ്രുവരി 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് കരുതിയില്ല. അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല. കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്'- തരൂര്‍ വ്യക്തമാക്കി. അതേസമയം, തരൂരിന്റെ അഭിമുഖത്തില്‍ കരുതലോടെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തു വന്നു. കേരളത്തില്‍ ഒരുകാലത്തും പാര്‍ട്ടിക്ക് നേതൃക്ഷാമം ഉണ്ടായിട്ടില്ല. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ ഒപ്പം നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തുപോകാന്‍ പാടില്ല. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അദ്ദേഹത്തിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. പക്ഷേ അത് പരിധിവിട്ട് പോകരുതെന്ന് മാത്രം. അങ്ങനെ ഇതുവരെ അദ്ദേഹം പരിധി വിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. രാഷ്ട്രീയം അറിയാത്ത ആളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് എഐസിസിയുടെ വിലയിരുത്തല്‍. തരൂരിന് പാര്‍ലമെന്റിലും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് കാലയളവിലും സ്റ്റാന്‍ഡിങ് കമ്മിറ്റി പദവികള്‍ നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സ്വമേധയാ തരൂര്‍ രാജിവെച്ചതാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് കാലയളവിലും സ്റ്റാന്‍ഡിങ് കമ്മിറ്റി പദവികള്‍ നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചതെന്നും എഐസിസി പങ്കുവെച്ചു. തരൂര്‍ സംഘടനാ തലത്തില്‍നിന്ന് വളര്‍ന്ന നേതാവല്ലെന്നും അതിനാലാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് പാര്‍ട്ടി ചുമതല നല്‍കാത്തത് എന്നും എഐസിസി പങ്കുവെച്ചു.