- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ല'; കേന്ദ്രസർക്കാരിന്റെ അവഗണന തുടരുമ്പോൾ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം, വിമർശനങ്ങൾക്കിടയിലും താൻ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഇ. ശ്രീധരൻ. ഇതിന്റെ ഭാഗമായി മലപ്പുറം പൊന്നാനിയിൽ ആദ്യ ഓഫീസ് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇ. ശ്രീധരന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതിവേഗ പാതയുടെ സാധ്യതകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾ ദുരീകരിക്കാനുമാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുകയെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങാനും യോഗങ്ങൾ നടത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും നടക്കുക. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന തുടരുകയാണെന്നും, ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എയിംസ് (AIIMS) പോലുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി സ്ഥലം കണ്ടെത്തി പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസന കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുമ്പോൾ, കേരളത്തിൽ അങ്ങനെയല്ലെന്ന പ്രതീതിയാണ് കേന്ദ്രത്തിനുണ്ടായതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


