തിരുവല്ല : കൗണ്‍സില്‍ തീരുമാനം അട്ടിമറിച്ചുവെന്നും മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ച് നഗരസഭ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ ബഹളം. കഴിഞ്ഞ മാസം നാലിന് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചു, മിനുട്ട്സ് തിരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു എല്‍ഡിഎഫ്, ബിജെപി അംഗങ്ങളുടെ പ്രതിഷേധം.

നഗരസഭാ പരിധിയിലെ മാലിന്യ നീക്കത്തിന് കരാര്‍ എടുത്തിരുന്നകമ്പനിയുടെ കാലാവധി കഴിഞ്ഞമാസം ആറിന് അവസാനിച്ചിരുന്നു. താല്പര്യപത്രം ക്ഷണിക്കാതെ കരാര്‍ മറ്റൊരാള്‍ക്ക് നല്‍കുവാന്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന നീക്കം പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തു. തുടര്‍ന്ന് നിലവിലെ കരാറുകാരന് ആറുമാസം കൂടി സമയം നീട്ട് നല്‍കുവാനും താല്പര്യ പത്രം ക്ഷണിക്കുന്നതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുവാനും തീരുമാനമെടുത്തിരുന്നു.

എന്നാല്‍ വ്യാഴാഴ്ച നടന്ന കൗണ്‍സിലില്‍ അംഗങ്ങള്‍ക്ക് നല്‍കിയ മിനുട്സില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുവാനുള്ള മുന്‍ കൗണ്‍സില്‍ തീരുമാനം ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ ഹരിത കര്‍മ്മ സേനകളില്‍ നിന്നും താല്പര്യ പത്രം ക്ഷണിച്ച ശേഷം അവരില്‍ നിന്നും മൂന്നു പേരെ സെലക്ട് ചെയ്യുവാനുള്ള തീരുമാനമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്.

ഭരണകക്ഷിയിലെ അംഗങ്ങളും പ്രതിഷേധിച്ചു. സഭ ബഹളത്തില്‍ മുങ്ങിയതോടെ മിനുട്സില്‍ തിരുത്തല്‍ വരുത്തിയതായി സെക്രട്ടറി സമ്മതിച്ചതായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രദീപ് മാമന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ചുമതലയേറ്റ കാലം മുതലുള്ള എല്ലാ മിനുട്സുകളും വിജിലന്‍സിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യം ഉയര്‍ത്തി. ഇക്കാര്യം അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്നും ഈ കൗണ്‍സിലിന്റെ അജണ്ടകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും സെക്രട്ടറി അറിയിച്ചു.

ഇതേ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും അവരോടൊപ്പം ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിഷേധ സ്വരമുയര്‍ത്തി സഭ വിട്ടു. 35 അംഗങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ യുഡിഎഫിലെ മൂന്ന് അംഗങ്ങളും എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കാതെ സഭയില്‍ ഉണ്ടായിരുന്നു. കോറം തികയാതെ വന്നതോടെ കൗണ്‍സില്‍ പിരിച്ചു വിടുകയായിരുന്നു. സഭ വിട്ടിറങ്ങിയ അംഗങ്ങള്‍ നഗരസഭ കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

വിജിലന്‍സ് അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ നിയമം അനുസരിച്ച് മാത്രമേ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് പ്രതികരിച്ചു.


തിരുവല്ല, കയ്യാങ്കളി