- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കള്ളവോട്ട് ആരോപണം: ബൂത്തിലെത്തിയ എംപിയെ തടഞ്ഞതിനെ തുടർന്ന് കല്ലേറ്റും ലാത്തിച്ചാർജും; പൊലീസുകാർ അടക്കം 10 പേർക്ക് പരുക്ക്; തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചു
തിരുവല്ല: കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. എംപിയെ ബൂത്തിലേക്ക പ്രവേശിപ്പിച്ചില്ലെന്നും കള്ളവോട്ട് നടന്നുവെന്നും ആരോപിച്ച് ഇരുപക്ഷവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറിൽ പൊലീസുകാർ അടക്കം 10 പേർക്ക് പരുക്കേറ്റു. 13 സീറ്റിലും വിജയിച്ച് എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. കള്ള വോട്ടിലൂടെയാണ് എൽഡിഎഫ് വിജയമെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
എം.ജി.എം. സ്‌കൂളിൽ രാവിലെ എട്ടുമണിക്കാണ് പോളിങ്ങ് തുടങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെ സംഘർഷമുണ്ടായി. യു.ഡി.എഫ്. പ്രവർത്തകർക്കാണ് ആദ്യം അടികിട്ടിയത്. രണ്ടുമണിയോടെ ആന്റോ ആന്റണി എംപി. സ്ഥലത്തെത്തി. ഇദ്ദേഹത്തെ ബൂത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം കർശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടർമാരുടെ ബാങ്ക് തിരിച്ചറിയൽ കാർഡിന് പുറമേ പൊതു തെരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഒന്നും പരിശോധിച്ച ശേഷമേ അകത്തേക്ക് കടത്തി വിടാവൂയെന്ന് കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
ചില ഘട്ടങ്ങളിൽ ഇത് ലംഘിക്കപ്പെടുന്നുവെന്ന് യു.ഡി.എഫ്. പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. എംപി.യെ തടയാനുള്ള എൽ.ഡി.എഫ്. നീക്കം പൊലീസ് തടഞ്ഞതോടെ ലാത്തിച്ചാർജായി. ഇതോടെ എൽ.ഡി.എഫ്. പൊലീസിന് നേരെ തിരിഞ്ഞു. നാലു മണിയോടെയാണ് പൊലീസിന് നേർക്ക് കല്ലേറ് അടക്കം ഉണ്ടായത്. ഇതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
തിരുവല്ല എസ്ഐ. അനീഷ് ഏബ്രഹാം, ഡി.സി.ആർ.ബിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഹരികൃഷ്ണൻ, നെടുമ്പ്രം പഞ്ചായത്ത് ആറാം വാർഡ് അംഗം വൈശാഖ്, യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം ഭാരവാഹി നെജോ മെഴുവേലി, യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളായ ബിജി മോൻ ചാലാക്കേരിൽ, കെ.പി. രഘുകുമാർ, ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ടോണി ഇട്ടി, സോണി മുണ്ടത്താനത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ കല്ലേറിലാണ് പൊലീസുകാരൻ ഹരികൃഷ്ണന് തലയ്ക്ക് പരുക്കേറ്റത്. നെജോയുടെ തലയിൽ പൊട്ടലുണ്ട്. മൂന്ന് തുന്നലിട്ടു. ബിജിമോന്റെ കണ്ണിനാണ് പരുക്ക്. പൊലീസ് പലവട്ടം ലാത്തി വീശി.
വൈശാഖ് സിപിഎം. പ്രതിനിധിയാണ്. പൊലീസിന്റെ ലാത്തിയടിയിൽ വൈശാഖിന്റെ തല പൊട്ടി. ഏഴ് തുന്നലിട്ടു. നിരവധി എൽ.ഡി.എഫ്. പ്രവർത്തകർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. കാലങ്ങളായി യു.ഡി.എഫ്. ഭരിച്ചിരുന്ന ബാങ്കാണിത്. പി.ജി. അജയ കുമാർ, കെ. പ്രകാശ് ബാബു, പ്രസാദ് എം. ചെറിയാൻ, മനു സോമൻ, ഷിബു വർഗീസ്, സോമൻ താമരച്ചാലിൽ, റെജി കുരുവിള, വി. പുരുഷോത്തമൻ പിള്ള, അന്നമ്മ ദാനിയേൽ, ആൻസി സജി, പൊന്നമ്മ, സി.ജെ. കുട്ടപ്പൻ, വി.കെ. കുര്യൻ എന്നിവരാണ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിനു ശേഷം വിജയിച്ച സ്ഥാനാർത്ഥികളുമായി എൽ.ഡി.എഫ് പ്രവർത്തകർ തിരുവല്ല നഗരത്തിൽ പ്രകടനം നടത്തി.
തിരുവല്ല കാർഷിക വികസന ബാങ്കിലെ സിപിഎം വിജയം കള്ളവോട്ടിലൂടെ: പ്രഫ.സതീഷ് കൊച്ചുപറമ്പിൽ
തിരുവല്ല: സഹകരണ കാർഷിക വികസന ബാങ്കിൽ സിപിഎം നേടിയ വിജയം വ്യാപകമായി നടത്തിയ കള്ള വോട്ടിലൂടെയും അക്രമത്തിലൂടെയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സിപിഎം ആക്രമണം ഭയന്ന് ജനാധിപത്യ വിശ്വാസികളായ യു.ഡി എഫ് വോട്ടർമാർ വോട്ടുചെയ്യുവാൻ മടിച്ചതും യു.ഡി.എഫി.ന്റെ പരാജയത്തിന് കാരണമായതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ സഹകരണ ബാങ്കുകൾ എന്തു മാർണ്മവും ഉപയോഗിച്ച് പിടച്ചടക്കുവാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ അജണ്ടയുടെ ഭാഗമായി നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിന്റെ ഫലമാണ് സിപിഎം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സിപിഎം അക്രമത്തിൽ പരുക്കേറ്റ യു.ഡി.എഫ് പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്