- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം സെന്‍ട്രലില്‍ പുതുമുഖം വരുമോ? എറിക് സ്റ്റീഫനായി ലത്തീന്‍ സഭ; ആന്റണി രാജുവിന്റെ വിധിയില്‍ ചങ്കിടിച്ച് ഇടതുകേന്ദ്രങ്ങള്‍; യുഡിഎഫിന് താല്‍പ്പര്യം സിപി ജോണിനേയും; കെസിയുടെ മനസ്സ് എങ്ങോട്ട്? തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ചരടു വലിയ സജീവം
തിരുവനന്തപുരം: ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ നിന്നേറ്റ തിരിച്ചടിയോടെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. യുഡിഎഫ് ക്യാമ്പില്‍ കെ.എസ്.യു. മുന്‍ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്റെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതാണ് നിലവിലെ പ്രധാന മാറ്റം. തിരുവനന്തപുരത്തു നിന്നുള്ള ആദ്യ കെ.എസ്.യു ദേശീയ സെക്രട്ടറിയായ എറിക്കിന് വേണ്ടി ലത്തീന്‍ സഭ ശക്തമായി രംഗത്തുണ്ട്.
അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് കൂടി നീങ്ങുന്നുണ്ട്. സെന്‍ട്രല്‍ സീറ്റ് സി.എം.പി നേതാവ് സി.പി. ജോണിന് നല്‍കണമെന്ന ആവശ്യം മുന്നണിയില്‍ ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം ലീഗ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ലത്തീന്‍ സഭയുടെ കര്‍ശന നിലപാടും യുവനേതാക്കളുടെ താല്പര്യവും സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും കൂടിച്ചേരുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫ് ആരെ കളത്തിലിറക്കുമെന്നത് നിര്‍ണ്ണായകമാകും.
തീരദേശ മേഖലയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രലില്‍ ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നതാണ് സഭയുടെ ആവശ്യം. യുവത്വവും സംഘടനാ അനുഭവസമ്പത്തുമുള്ള എറിക് സ്റ്റീഫനെ മുന്‍നിര്‍ത്തി സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സഭാനേതൃത്വം. സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എറിക്കിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്ന് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗവും വിശ്വസിക്കുന്നു. കേരളത്തിലെ തീര മേഖലയില്‍ ലത്തീന്‍ സഭയ്ക്ക് വലിയ സ്വാധീനമുണ്ട്. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള തീരത്ത് ഈ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരം സെന്‍ട്രലിന് വേണ്ടി ലത്തീന്‍ സഭ വാദമുയര്‍ത്തിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യം സജീവമാണ്. നിലവിലെ എംഎല്‍എയായ ആന്റണി രാജു 'ജട്ടിക്കേസ്' എന്നറിയപ്പെടുന്ന തൊണ്ടിമുതല്‍ തിരിമറി കേസില്‍ നിയമപോരാട്ടം നേരിടുന്നത് ഇടതുമുന്നണിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ സീറ്റില്‍ പുതിയൊരു മുഖത്തെ പരീക്ഷിക്കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമാകും. ഇതുകൊണ്ട് തന്നെ യുഡിഎഫിന് ഈ മണ്ഡലത്തില്‍ വലിയ സാധ്യതയാണുള്ളത്.
എറിക് സ്റ്റീഫന്റെ പേര് ഉയരുന്നതിനിടയിലും കോണ്‍ഗ്രസിലെ പ്രമുഖര്‍ സീറ്റിനായി സജീവമായി രംഗത്തുണ്ട്. മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധീകരിച്ച മുന്‍ മന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ അവകാശവാദം ഉന്നയിക്കുന്നു. യുവാക്കളുടെ പിന്തുണയും പ്രവര്‍ത്തന പരിചയവും ചൂണ്ടിക്കാട്ടി ശബരിനാഥനും മണ്ഡലത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.




