- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണക്കപ്പിള്ളയല്ല, സാമ്പത്തിക ശാസ്ത്രജ്ഞനാണ്; എങ്കിലും മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ നോക്കാം; മാത്യു പറഞ്ഞ എല്ലാ വാദങ്ങലും പൊളിഞ്ഞു; തോമസ് ഐസക്ക് പറയുന്നു
കോട്ടയം: മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം നേതാവ് തോമസ് ഐസക്. താൻ കണക്കപ്പിള്ള അല്ലെങ്കിലും മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നാണ് പരാമർശം. മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞെന്നും അതിസാമർത്ഥ്യം വിനയാണെന്നും തോമസ് ഐസക് മീഡിയ വൺ ചാനലിനോട് പറഞ്ഞു.
'ഞാൻ കണക്കപ്പിള്ളയല്ല, സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മാത്യുവിന്റെ കണക്ക് നോക്കണമെങ്കിൽ നോക്കാം. എക്‌സാലോജിക് കമ്പനി ഐജിഎസ്ടി അടച്ചെന്നറിഞ്ഞപ്പോൾ മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞില്ലേ, അതിസാമർത്ഥ്യം വിനയാണ്' - തോമസ് ഐസക് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ സിപിഎം സംരക്ഷിക്കുന്നത് തുടരുകയാണ്. വീണാ വിജയനുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ അവാസ്തവമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പ്രതികരിച്ചു. സിപിഎം തീരുമാന പ്രകാരമാണ് ഇത്. വീണാ വിജയന്റെ കമ്പനി ഐജിഎസ്ടി കൊടുത്തിട്ടില്ലെന്നാണ് കുഴൽനാടന്റെ പ്രധാന ആരോപണം. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖകൾ പുറത്തുവിട്ടാൽ എംഎൽഎ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ എംഎൽഎ ഖേദപ്രകടനം നടത്താൻ തയാറാകണം. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് വീണയ്‌ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ പറഞ്ഞത്. മതിയായ നികുതി നൽകിയില്ലെന്ന് പറഞ്ഞ് ഇൻകം ടാക്‌സ് അടക്കമുള്ള ഏതെങ്കിലും ഡിപ്പാർട്ട്‌മെന്റ് അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നടത്തുന്ന സ്ഥാപനമാണ് വീണയുടേത്. കുഴൽനാടന്റെ വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്നും ബാലൻ പ്രതികരിച്ചു.
ആരോപണത്തെ പ്രതിരോധിക്കാതെ കടന്നാക്രമണത്തിനാണ് സിപിഎം തീരുമാനം. ഇതാണ് ബാലന്റെ വാക്കുകളിലുമുള്ളത്. വീണയെ പാർട്ടി സംരക്ഷിക്കും. നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാർട്ടി അവർക്കൊപ്പം നിൽക്കുന്നത്. എന്നും നീതിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു. വിവാദത്തിൽ സിപിഎം സെക്രട്ടറി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ലെന്നാണ് മന്ത്രി റിയാസിന്റെ പക്ഷം. മിണ്ടിയാലും മിണ്ടിയില്ലെങ്കിലും വാർത്തയല്ല. നാമനിർദ്ദേശ പത്രിക വിവാദത്തിൽ ഒന്നും മറച്ചു വയ്ക്കാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനുമില്ല-ഇതായിരുന്നു റിയാസിന്റെ പക്ഷം. ബാലന്റെ പ്രതികരണത്തിന് ശേഷമായിരുന്നു റിയാസ് വിശദീകരണം നൽകിയത്.
മാത്യു കുഴൽനാടന്റെ പുതിയ ആരോപണത്തിൽ പരോക്ഷ പ്രതികരണവും മന്ത്രി മുഹമ്മദ് റിയാസ് നൽകി. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നതുകൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല-മന്ത്രി പറഞ്ഞു.




