- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എം ഷാജിയുടെ നിലപാട് ദൗർഭാഗ്യകരം; പോപ്പുലർ ഫ്രണ്ട് തെറ്റുകൾ തിരുത്തട്ടെ; ആർഎസ്എസിനെ പോലും നിരോധിക്കണമെന്ന അഭിപ്രായമില്ല; പി.എഫ്.ഐയിൽ ഉള്ളവർ സഹോദരങ്ങളാണെന്ന കെ എം ഷാജിയുടെ അഭിപ്രായത്തെ വിമർശിച്ച് തോമസ് ഐസക്ക്; നിലപാട് തെറ്റായ സന്ദേശം നൽകും
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ പ്രവർത്തകരെ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്ത കെ എം ഷാജിയുടെ നിലപാടിനെതിരെ മുൻ മന്ത്രി ടി എം തോമസ് ഐസക്. ഷാജിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും തെറ്റായ സന്ദേശം നൽകുമെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു. തെറ്റ് തിരുത്താനാണ് പിഎഫ്ഐക്കാരോട് ആവശ്യപ്പെടേണ്ടതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം അഭിപ്രായപ്പെട്ടു.
'പോപ്പുലർ ഫ്രണ്ട് തെറ്റുകൾ തിരുത്തട്ടെ. രാജ്യത്തെ മതതീവ്രവാദ സംഘടനയാണ് ആർ എസ് എസ്. ആർഎസ്എസിനെ പോലും നിരോധിക്കണമെന്നഭിപ്രായമില്ല.' തോമസ് ഐസക് കൂട്ടിചേർത്തു. പിഎഫ്ഐലുള്ളവർ നമ്മുടെ സഹോദരങ്ങളാണെന്നും തെറ്റിദ്ധാരണകൾ മാറ്റി പറ്റുമെങ്കിൽ അവരെ ലീഗിൽ എത്തിക്കുകയാണ് വേണ്ടതെന്നുമാണ് കെഎം ഷാജി അഭിപ്രായപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നിരോധനം തെറ്റായിപോയെന്ന മുസ്ലിം ലീഗിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കെഎം ഷാജി രംഗത്തെത്തിയത്.
പിഎഫ്ഐലുള്ളവർ ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാവാം. എന്നാൽ അവരിൽ നിന്നും മുഖം തിരിക്കരുതെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ''പോപ്പുലർ ഫ്രണ്ടുകാരായ കുട്ടികളോട് സംസാരിക്കണം. എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തരുത്. പാവങ്ങള് പെട്ടുപോയതാണ്, ആവേശം കൊണ്ടാണ് അതെല്ലാം ചെയ്തത്. പക്ഷേ ഇപ്പോൾ അവർ ഒരു ബുദ്ധിമുട്ടല്ല. ആ നിരപരാധികളായ പ്രവർത്തകരോട് എല്ലാവരും സംസാരിക്കണം. അവരെ നേരിന്റെ വഴിയിലേക്ക് കൊണ്ടുവരണം. ഓരോരുത്തരെയും നേരിട്ട് കണ്ട് പ്രയാസം എന്താണെന്ന് ചോദിക്കണം. തെറ്റുകൾ തിരുത്താൻ നിർദ്ദേശിക്കണം'' എന്നും കെഎം ഷാജി ഉപദേശിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കെ എം ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ നിരോധിച്ചത് ജനാധിപത്യത്തിന് ആശ്വാസകരമായ നടപടിയല്ലെന്നാണ് ഷാജി പറഞ്ഞത്. ഫാസിസ്റ്റ് ഭരണകൂടമാണ് നിരോധനവുമായി മുൻപോട്ടുവന്നത്. നിരോധനമെന്നത് ഗാന്ധിജിയുടെ നാട്ടിൽ ഒരു പരിഹാരമല്ല. സംഘടനാസംവിധാനത്തെ നിരോധിച്ചതു കൊണ്ടു കാര്യമില്ലെന്നും അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്നുമാണ് ലീഗ് നേതാവ് പറഞ്ഞത്.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സംശയാസ്പദമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. ലീഗ് നേതാക്കൾക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടൻ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.




