ആലപ്പുഴ: എൻസിപിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് കടക്കുമ്പോൾ ദേശിയ അധ്യക്ഷൻ ശരത് പവാറിന്റെ പിന്തുണ പിസി ചാക്കോയ്ക്ക്. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി തോമസ് കെ.തോമസ് എംഎൽഎ രംഗത്തു വന്നിരുന്നു. ചാക്കോ പാർട്ടിയിലേക്ക് വന്നതിന് ശേഷം എൻസിപിക്ക് കഷ്ടകാലമാണെന്നും കഴിവില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും തോമസ് കെ.തോമസ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനമാണെന്ന് എൻസിപി ദേശീയ നേതൃത്വം വിലയിരുത്തുന്നു. തോമസ് കെ തോമസിനെ ദേശീയ അധ്യക്ഷൻ പിസി ചാക്കോയെ താക്കീത് ചെയ്തു. പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നാണ് ആവശ്യം. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണമെന്നും തോമസ് കെ തോമസിനോട് ശരത് പവാർ ആവശ്യപ്പെട്ടു. ഇതോടെ പാർട്ടിയിൽ തോമസ് കെ തോമസ് ഒറ്റപ്പെടുമെന്നാണ് സൂചന. മന്ത്രിയായ എകെ ശശീന്ദ്രൻ തൽകാലം ഈ വിഷയത്തിൽ നിഷ്പക്ഷത തുടരും.

'പി.സി.ചാക്കോ ഞങ്ങളുടെ പാർട്ടിയിലേക്ക് വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പാർട്ടിക്ക് ഒരു മന്ത്രിയും എംഎൽഎയും ഉണ്ടെന്ന് കണ്ട് വന്നതാണ്. ഔദാര്യത്തിന് കയറി വന്നതല്ല. ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയിലേക്കാണ് കയറി വന്നത്. ശരദ് പവാറാണ് അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങൾ അദ്ദേഹത്തെ മാനിച്ചത്. എന്നാൽ പാർട്ടിയിൽ വന്ന് കഴിഞ്ഞ ശേഷം തന്നിഷ്ടം പോലെയാണ് പ്രവർത്തനം. ഇഷ്ടമുള്ളവരെ സ്ഥാനങ്ങളിൽ നിയമിക്കുകയാണ്. എംഎൽഎമാരോടും ആലോചിക്കുന്നില്ല. ചാക്കോ വന്നത് മുതൽ ചാക്കോയ്ക്ക് സൗകര്യമുള്ളവർക്കാണ് പദവികൾ നൽകുന്നത്. എന്നോട് സംസാരിച്ചതിന്റെ പേരിൽ പാർട്ടി ജനറൽ സെക്രട്ടറിയെ അടക്കം ഭാരാവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. ഒരു ജനാധിപത്യവും പാർട്ടിയിൽ ഇല്ല. ഹിറ്റലർ സ്‌റ്റൈൽ ഈ പാർട്ടിയിൽ നടക്കില്ല'-ഇതായിരുന്നു തോമസ് കെ തോമസിന്റെ വിവാദ പ്രതികരണം. ഈ പരസ്യ പ്രസ്താവനയിലാണ് ശരത് പവാറിന്റെ താക്കീത്.

ചാക്കോ വന്നത് മുതൽ ഈ പാർട്ടിയിൽ സമാധാനമില്ല. ഏകാധിപത്യ ശൈലിയാണ്. തോന്നിയ പോലെ പോകാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഞങ്ങൾ ശബ്ദമുയർത്തിയത്. ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ ജില്ലാ പ്രസിഡന്റിനെ നിയോഗിച്ചത്. എംഎ‍ൽഎക്ക് പണി തരാൻ വേണ്ടി മാത്രമാണിത്. ചാക്കോ വരുന്നതിന് മുമ്പേ ഈ പാർട്ടിയിലുള്ള ആളാണ് ഞാൻ. തന്റെയും എ.കെ.ശശീന്ദ്രന്റേയും വിജയങ്ങൾക്ക് പിന്നിൽ ചാക്കോയുടെ ഒരു സഹായവും ഇല്ല. അങ്ങനെ ഒരാൾ ഈ പാർട്ടിയിലേക്ക് കടന്ന് വന്ന് ധാർഷ്ഠ്യം കാണിക്കരുത്. പാർട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ മാറി നിൽക്കണമെന്നുംം ആവശ്യപ്പെട്ടിരുന്നു. ദേശീയ നേതൃത്വവുമായി ഇക്കാര്യം വളരെ വിശദമായി സംസാരിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് തോമസ് കെ തോമസിനെ തിരുത്തുന്നത്.

കഴിഞ്ഞ ദിവസവും ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുൽ പട്ടേലുമായും ചർച്ച നടത്തി. രമ്യതയിൽ പോകണമെന്നാണ് അവരുടെ ആവശ്യം. ചാക്കോ പവാറിന് മുന്നിൽ കരഞ്ഞ് കാണിക്കും. ആലപ്പുഴയിൽ ഒരു അബ്കാരി കോൺട്രാക്ടർക്ക് വേണ്ടിയാണ് ചാക്കോ കളിക്കുന്നത്. അതിന്റെ പിന്നിലുള്ള ലാഭം ചാക്കോ പറയണമെന്നും കുട്ടനാട് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ എന്നോട് വളരെ മോശമായ രീതിയിലാണ് ഫോണിൽ വിളിച്ച് സംസാരിക്കുന്നത്. ചാക്കോയുടെ ഔദാര്യത്തിൽ എംഎൽഎ ആയതല്ല. പി.സി.ചാക്കോ എൻസിപിയിൽ വന്നത് മുതൽ പാർട്ടിക്ക് കഷ്ടകാലമാണ്. ഒരുപാട് പേർ വിട്ടുപോയി. തന്റെ യോഗ്യത അനുസരിച്ച് ഇതിലും വലിയ പദവികൾ കിട്ടുമെന്നൊക്കെയാണ് ചാക്കോ പറഞ്ഞ് നടക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ പ്രസിഡന്റാകാനോ മറ്റെന്തെങ്കിലുമാകാനോ പോകണം. ഈ പാർട്ടിയെ കഷ്ടപ്പെടുത്തരുതെന്നും തോമസ് കെ.തോമസ് പരിഹസിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. എൻ.സി.പിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ എൻസിപിക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാരാണ് ഉള്ളത്. പി.സി.ചാക്കോ ഒരു ജില്ലാ പ്രസിഡന്റിനേയും തോമസ് കെ.തോമസ് മറ്റൊരാളേയും ജില്ലാ പ്രസിഡന്റായി നിയോഗിച്ചിട്ടുണ്ട്. താൻ പണം നൽകി നിർമ്മിച്ച തന്റെ എംഎൽഎ ഓഫീസ് കൂടി ഉൾപ്പെടുന്ന മന്ദിരത്തിൽ പി.സി.ചാക്കോ വിഭാഗം അതിക്രമിച്ചു കയറി വിലപിടിപ്പുള്ള രേഖകൾ എടുത്തുകൊണ്ടുപോയെന്നും തോമസ് കെ.തോമസ് ആരോപിച്ചിരുന്നു. സാദത്ത് ഹമീദിനെയാണ് ചാക്കോ വിഭാഗം ജില്ലാ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. സന്തോഷ് കുമാറിനെയാണ് തോമസ് കെ.തോമസ് വിഭാഗം പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടുള്ളത്.

ജില്ലാ കമ്മിറ്റി ഓഫീസ് ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകം പ്രത്യേകം താഴിട്ട് പൂട്ടിയിരുന്നു. എ.കെ.ശശീന്ദ്രൻ എംഎൽഎയുമായും താൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിനും ചാക്കോയുടെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിലും മിണ്ടാതിരിക്കുകയാണ്. അങ്ങനെ അതൃപ്തി പ്രകടിക്കാത്തത് ശരിയായ നടപടി അല്ലെന്നും തോമസ് കെ.തോമസ് പറഞ്ഞിരുന്നു. എന്നാൽ ശശീന്ദ്രൻ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.