കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ എന്‍.സി.പിയില്‍ ധാരണയായി. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നാണ് വിവരം. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തമായാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചനകള്‍.

പി.സി. ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തെ അനുകൂലിച്ചതായി എന്‍.സി.പി. വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിന് കാക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നല്‍കിയിട്ടില്ലെന്ന് തോമസ് പറഞ്ഞു.

പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.സി.പി.യിലെ രണ്ട് എം.എല്‍.എ.മാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമം മന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന ആവശ്യത്തോടെ ശശീന്ദ്രന്‍ വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രന്റെ ഭീഷണി. ഇതോടെ വിഷയത്തില്‍ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. പാര്‍ട്ടിയില്‍ അങ്ങിനെ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.