കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ഒരു വിഭാഗം സി.പി.എം അംഗങ്ങള്‍ യു.ഡി.എഫുമായി ചേര്‍ന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ ഇടത് സ്വതന്ത്രന്‍ സി.എസ്.ബിനോയ്, ഇടത് പിന്തുണയോടെ വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് സ്വതന്ത്ര ഷെറിന്‍ റോയി എന്നിവര്‍ക്കെതിരെയാണ് അവിശ്വാസം.

സി.പി.എം-എല്‍.ഡി.എഫ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഒരു വിഭാഗം അംഗങ്ങള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നിലവിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 13 അംഗഭരണസമിതിയില്‍ എല്‍.ഡി.എഫ്-അഞ്ച്, യു.ഡി.എഫ് -മൂന്ന്, ബി.ജെ.പി -മൂന്ന്, സ്വതന്ത്രന്‍-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായി ജയിച്ച സി.എസ്. ബിനോയിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുകയും ബി.ജെ.പി പിന്തുണച്ചതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

കോണ്‍ഗ്രസ് സ്വതന്ത്രയായി വിജയിച്ച ഷെറിന്‍ റോയിക്ക് വൈസ് പ്രസിഡന്റായി എല്‍.ഡി.എഫും പിന്തുണ നല്‍കി. എന്നാല്‍ യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ സിഎസ് ബിനോയിയും ഇടത് പിന്തുണയോടെ വൈസ് പ്രസിഡന്റായ ഷെറിന്‍ റോയിയും ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. എല്‍.ഡി.എഫിന് പഞ്ചായത്ത് ഭരണ സമിതിയിലുള്ള അഞ്ച് അംഗങ്ങളും സി.പി.എമ്മുകാരാണ്്.

തോട്ടപ്പുഴശ്ശേരിയില്‍ നിലവില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്നും 2023 ലെ പദ്ധതിയുടെ 56 % മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളു എന്നും ഏഴാം വാര്‍ഡ് സി.പി.എം അംഗം റെന്‍സന്‍ കെ. രാജന്‍ പറഞ്ഞു. ജനങ്ങളോട് മറുപടി പറയേണ്ടതിനാലാണ് അവിശ്വാസ പ്രമേയം നല്‍കിയത്. 13 ല്‍ ഏഴ് അംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയം പാസാകുമെന്നും റെന്‍സന്‍ പറഞ്ഞു.

യു.ഡി.എഫ് പിന്തുണയില്‍ പ്രസിഡന്റായ ശേഷം ബിനോയി ബി.ജെ.പിയുടെ മാത്രം താത്പര്യങ്ങളനുസരിച്ചാണ് ഭരണം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ അംഗവുമായ അഡ്വ.ടി.കെ. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുന്‍പ് രണ്ട് തവണ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പരാജയപ്പെട്ടു. ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. യു.ഡി.എഫ് നേരത്തെ തന്നെ ഭരണസമിതിക്കുള്ള പിന്‍തുണ പിന്‍വലിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയത്തിലും സി.പി.എമ്മിലെ അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്ന തരത്തില്‍ അംഗം സി.പി.അജിത വിട്ടു നിന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നാല് അംഗങ്ങള്‍ യു.ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.