- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണ് തൃശൂര്‍ മേയര്‍ക്കെന്ന് സുനില്‍കുമാര്‍; ക്രിസ്മസ് കേക്കില്‍ നടപടി എടുത്താല്‍ ക്രൈസ്തവര്‍ കൂടുതല്‍ അടുക്കുമെന്ന ഭയത്തില്‍ സിപിഎം; തൃശൂരില്‍ മേയറായി വര്‍ഗ്ഗീസ് തുടരും; സിപിഐ പരിഭവം സിപിഎം കണ്ടില്ലെന്ന് നടിക്കും; തൃശൂരിലേത് ഓപ്പറേഷന്‍ താമരയോ?
തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ വീണ്ടും രംഗത്ത് വന്നെങ്കിലും സിപിഎം മൗനം തുടരും. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ തൃശൂരില്‍ ഭരണം പോകുമെന്നതിനാല്‍ തല്‍കാലം സിപിഎം പ്രതികരിക്കില്ല. എന്നാല്‍ ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന നടപടികളില്‍ നിന്നും പിന്മാറാന്‍ മേയറോട് ആവശ്യപ്പെടും.
ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും എല്‍ഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയെ തൃശൂരിന്റെ അംബാസിഡറെന്ന് മേയര്‍ വിളിച്ചിരുന്നു. സുരേഷ് ഗോപിയുടെ ജയത്തെ അതും സ്വാധീനിച്ചുവെന്നാണ് സിപിഐ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വര്‍ഗ്ഗീസിനെ മേയറാക്കി ഇടതു പക്ഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തു. തല്‍കാലം ആ സ്ഥിതി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്. ക്രൈസ്തവരുടെ എതിര്‍പ്പിന് കാരണമാകുന്നതൊന്നും തല്‍കാലം ചെയ്യില്ല.
ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്ന് സുനില്‍കുമാര്‍ പറയുന്നു. തൃശൂരില്‍ സുരേഷ് ഗോപിയോട് തോറ്റതിന് ശേഷം മേയര്‍ക്കെതിരെ സുനില്‍ കുമാര്‍ പരസ്യ നിലപാടുകള്‍ എടുക്കുകയായിരുന്നു. തൃശൂര്‍ മേയറെ 'ഓപ്പറേഷന്‍ താമര'യില്‍ ബിജെപി വീഴ്ത്തുമെന്ന പരോക്ഷ മുന്നറിയിപ്പാണ് സുനില്‍കുമാര്‍ നല്‍കുന്നത്.
ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന കുറ്റപ്പെടുത്തലാണ് സുനില്‍കുമാറിന്റേത്. കെ സുരേന്ദ്രന്‍ വഴിതെറ്റിവന്നു കേക്ക് കൊടുത്തതല്ലെന്നും അതില്‍ അത്ഭുതമില്ലെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
മറ്റൊരു മേയര്‍ക്കും കെ സുരേന്ദ്രന്‍ കേക്ക് കൊടുത്തില്ലല്ലോ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ഇടതുമുന്നണിയുടെ തൃശൂര്‍ മേയറായ എംകെ വര്‍ഗീസ്. പ്രത്യേക സാഹചര്യത്തില്‍ മേയര്‍ ആക്കിയതാണ്. ഇനി ഒന്നും ചെയ്യാനില്ല. അദ്ദേഹം തുടരട്ടെയെന്നും ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
എംകെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രിസ്തുമസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വര്‍ഗ്ഗീസ്, മേയര്‍ തൃശൂര്‍, സിപിഐ, സിപിഎം, ബിജെപി