- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിണറായി-വെള്ളാപ്പള്ളി കാര്‍ യാത്രയും വിനയായി; സിപിഎം വേദിയില്‍ യോഗി ആദിത്യനാഥിന് എന്ത് കാര്യം? തലസ്ഥാനത്ത് കോര്‍പറേഷനില്‍ ആര്യയുടെ അഹങ്കാരം വോട്ടര്‍മാരെ അകറ്റി; ഒരു ജില്ലാ സെക്രട്ടറി പോരാഞ്ഞിട്ട് മൂന്ന് പേരെന്ന് പരിഹാസം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകള്‍; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കോളിളക്കം
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കോളിളക്കം
തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനുണ്ടായ വന്‍ പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം. മുന്‍ മേയര്‍ വി.കെ. പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളാപ്പള്ളി നടേശനുമായുള്ള കാര്‍ യാത്ര വരെ പരാജയത്തിന് കാരണമായെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ആര്യയുടെ അഹങ്കാരവും വിഭാഗീയതയും
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈവിട്ടുപോകാന്‍ പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തന ശൈലിയാണെന്ന് ഭൂരിഭാഗം അംഗങ്ങളും കുറ്റപ്പെടുത്തി. മേയറുടെ അഹങ്കാരവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും ഭരണത്തെ ദോഷകരമായി ബാധിച്ചുവെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. മേയര്‍ കൂടുതല്‍ ജനകീയമായി പ്രവര്‍ത്തിക്കണമായിരുന്നു. ഇതിനു പുറമെ, ജില്ലയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയും തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ഒരൊറ്റ നേതാവല്ല, മറിച്ച് മൂന്ന് പേരാണെന്ന പരിഹാസവും യോഗത്തിലുണ്ടായി. മൂന്ന് തട്ടിലായി നില്‍ക്കുന്ന നേതൃത്വം തീരുമാനങ്ങള്‍ പരസ്പരം പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയും അയ്യപ്പ സംഗമവും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് ജില്ലാ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിന്റെ രാഷ്ട്രീയമെന്താണെന്ന് അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇത് പാര്‍ട്ടി അണികളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. പമ്പയിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി ഒരേ കാറില്‍ എത്തിയത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ എല്‍ഡിഎഫിന് ദോഷം ചെയ്‌തെന്നും വിമര്‍ശനമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍
ബിജെപിയും കോണ്‍ഗ്രസും ശക്തരായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയപ്പോള്‍ എല്‍ഡിഎഫിന് അത്തരത്തില്‍ സ്വാധീനമുള്ളവരെ കണ്ടെത്താനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയതും പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയതും പരാജയത്തിന്റെ ആക്കം കൂട്ടി. എല്ലാം ഭരണത്തിന് വിട്ടുകൊടുത്ത് പാര്‍ട്ടി മാറി നില്‍ക്കുന്നതാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണമെന്നും നേതാക്കള്‍ ആരോപിച്ചു.
എ. പത്മകുമാറിനെതിരായ നടപടി വൈകുന്നതിനെ എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചെങ്കിലും, ശബരിമല വിഷയം തിരിച്ചടിയായെന്ന് ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ഏറ്റുപറഞ്ഞു. ആഘാതം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതവും പാര്‍ട്ടി വേദിയിലുണ്ടായി.
റിപ്പോര്‍ട്ടിലെ ഹൈലൈറ്റുകള്‍:
ആര്യ രാജേന്ദ്രനെതിരെ വിമര്‍ശനം: ജനകീയത ഇല്ലാത്തതും അഹങ്കാരവും പരാജയത്തിന് കാരണമായി.
വിഭാഗീയത: മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ നേതൃത്വം പരസ്പരം കാലുവാരി.
ശബരിമല വിവാദം: സ്വര്‍ണ്ണക്കൊള്ളയും യോഗി ആദിത്യനാഥിന്റെ ആശംസയും വോട്ടുചോര്‍ച്ചയുണ്ടാക്കി.
മുഖ്യമന്ത്രിക്ക് വിമര്‍ശനം: വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ കാര്‍ യാത്ര ദോഷം ചെയ്തു.




