- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും; വിസ്മയം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്; സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട; സംസ്ഥാനം കടക്കെണിയില്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അസംബന്ധമെന്നും വി ഡി സതീശന്‍
യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും
കോട്ടയം: യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തുമെന്നും വിസ്മയം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ഒരു പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെങ്കിലും എന്തൊക്കെ ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഹൈവെ തകരുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് തയാറാക്കിയതിനാല്‍ ദേശീയപാത പണിതു എന്നതാണ് ഏറ്റവും വലിയ അവകാശവാദം. ഇതിനിടെ 'അ' മുതല്‍ 'ക്ഷ' വരെ കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറോളം സ്ഥലത്താണ് ഇപ്പോള്‍ വിള്ളല്‍ വീണത്. ഒലിച്ചു പോകുന്ന മണ്ണില്‍ പണിത നിര്‍മ്മിതികള്‍ തകര്‍ന്നു വീഴുന്നതു പോലെ കാലിനടിയില്‍ നിന്നും മണ്ണ് ചോര്‍ന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ വ്യാജ അവകാശവാദങ്ങളും നിലപതിച്ചു കൊണ്ടിരിക്കുകയാണ്. ഹൈവെ വീഴുന്നതു പോലെയാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങളും പൊളിഞ്ഞു വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് കോട്ടയത്ത് മീറ്റ് ദ പ്രസില്‍ പറഞ്ഞു.
ഹൈവെയുടെ കാര്യത്തില്‍ തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. യു.ഡി.എഫിന്റെ കാലത്ത് ദേശീയപാത അതോറിട്ടി അടച്ചുപൂട്ടിപ്പോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 30 മീറ്ററില്‍ പാത പണിയണമെന്നതായിരുന്നു വി.എസ്. അച്യുതാനന്ദന്റെ കാലം മുതല്‍ക്കുള്ള അഭിപ്രായം. സ്ഥലം എടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് അന്ന് എല്ലാ പാര്‍ട്ടികളും സമരത്തിലായിരുന്നു.
2013 ല്‍ യു.പി.എ സര്‍ക്കാര്‍ റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്നതോടെയാണ് സെന്റിന് എട്ടും പത്തും ലക്ഷം നല്‍കി സ്ഥലം ഏറ്റെടുക്കാനായത്. ആ നിയമം നടപ്പായതു കൊണ്ടാണ് ഈ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചത്. 2014-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് 45 മീറ്ററില്‍ റോഡ് പണിയാന്‍ കേന്ദ്രത്തെ അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയെന്നതാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മറ്റൊരു അവകാശവാദം.
2021-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വാല്യൂ ക്യാപ്ച്ചര്‍ ഫിനാന്‍സ് മോഡല്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാം. പാര്‍ലമെന്റിലെ മറുപടി അനുസരിച്ച് 100 ശതമാനം വരെ ഭൂമി ബിഹാര്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, പഞ്ചാബ്, ഹിമാചല്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് 5000 കോടി നല്‍കിയത് ക്രെഡിറ്റായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വാല്യൂ ക്യാപ്ച്ചര്‍ ഫിനാന്‍സ് എഗ്രിമെന്റില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ തയാറാകണം.
അടുത്ത മഴയില്‍ ഇനിയും വിള്ളലുകളുണ്ടാകും. ആശാസ്ത്രീയമായ നിര്‍മ്മിതികളാണ് ദേശീയ പാതയിലുള്ളത്. സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങളുടേതാണ് റോഡെന്ന് അവകാശപ്പെട്ടിരുന്നവരെ ഈ വിള്ളല്‍ കണ്ടെത്തിയതിനു ശേഷം കാണാനില്ല. ഒരു അവകാശവാദവുമില്ല. വിള്ളലുള്ള സ്ഥലത്ത് പോയി റീല്‍സ് എടുത്താല്‍ കുറച്ചു കൂടി നന്നാകും.
സര്‍ക്കാരിന്റെ അടുത്ത അവകാശവാദം വിഴിഞ്ഞം പദ്ധതിയിലാണ്. 4000 പേജുകളുള്ള പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് ഉണ്ടാക്കിയതും അത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. അംഗീകാരം കിട്ടി 24 മണിക്കൂറിനകം ആഗോള ടെന്‍ഡര്‍ വിളിച്ചു. 646 കോടി ചെലവഴിച്ച് പദ്ധതിക്ക് വേണ്ടിയുള്ള 90 ശതമാനം സ്ഥലവും ഏറ്റെടുത്തു നല്‍കി. ആയിരം ദിവസത്തിനകം നിര്‍മ്മാണം തീര്‍ക്കാനുള്ള കൗണ്ട് ഡൗണും ആരംഭിച്ച് പണിയും തുടങ്ങി. 2019-ല്‍ തീരേണ്ട പണി 2025 വരെ വൈകിപ്പിച്ചു എന്നതു മാത്രമാണ് പിണറായി സര്‍ക്കാരിന്റെ ക്രെഡിറ്റ്. ദേശീയപാതയുടെയും വിഴിഞ്ഞത്തിന്റെയും പേരില്‍ പ്രോഗ്രസ് കാര്‍ഡില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. ഇപ്പോള്‍ ഹൈവെ ഇട്ടിട്ട് ഓടി. ഇനിയും വീഴും എന്നതു കൊണ്ടാണ് ഇട്ടിട്ട് ഓടിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പണിത പാലാരിവട്ടം പാലത്തിന്റെ ടാറിങ് പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാരാണ്. ആ പാലം തകര്‍ന്നു വീണില്ല. എന്നാല്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ എന്തൊക്കെ പ്രചരണങ്ങളാണ് നടത്തിയത്. മന്ത്രിയെ വരെ വിജിലന്‍സ് കേസില്‍പ്പെടുത്തി. ഇപ്പോള്‍ നൂറിലധികം സ്ഥലത്ത് വിള്ളല്‍ വീണിട്ടും കേന്ദ്ര സര്‍ക്കാരിനെയോ എന്‍.എച്ച്.എ.ഐയെയോ പറ്റി സംസ്ഥാന സര്‍ക്കാരിനില്ല.
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്ന കെ ഫോണ്‍ 2017-ല്‍ തുടങ്ങി 2019 ആകുമ്പോള്‍ 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതുവരെ ആറായിരത്തോളം പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ കൊടുക്കാനായത്. സൗജന്യ ഇന്റര്‍നെറ്റാണെന്നു പറഞ്ഞത് ഇപ്പോള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.എസ്.എന്‍.എല്ലില്‍ നിന്നും കണക്ഷന്‍ എടുത്താന്‍ കെ ഫോണ്‍ വഴി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കണക്ഷന്‍ കൊടുക്കുന്നത്. ഈ കണക്ഷന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും നേരിട്ട് എടുക്കാവുന്നതാണ്.
ആരോഗ്യരംഗത്തും വലിയ അവകാശവാദമാണ്. കോവിഡിന്റെ കാര്യത്തിലൊക്കെ അഭിമാനിക്കുകയാണ്. 28000 മരണങ്ങള്‍ ഒളിപ്പിച്ചുവച്ച സംസ്ഥാനമാണ് കേരളം. ഇതിനിടയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കോടികളുടെ അഴിമതി നടത്തിയത്. അത് സി.എ.ജിയും കണ്ടെത്തിയിട്ടുണ്ട്. ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളും ഇന്ന് കേരളത്തിലുണ്ട്. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കാരുണ്യ പദ്ധതിയില്‍ രണ്ടായിരം കോടിയോളം രൂപയാണ് ഈ സര്‍ക്കാര്‍ കുടിശികയാക്കിയത്. ശ്രുതിതരംഗം, ഹൃദ്യം പദ്ധതികള്‍ ഇല്ലാതായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പോലുമില്ല. എന്നിട്ടാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്ത് കടക്കെണിയില്ലെന്ന്. അങ്ങനെയെങ്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും സപ്ലൈകോയ്ക്കും പാചക തൊഴിലാളികള്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും നല്‍കാനുള്ള പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. 60000 കോടി രൂപയാണ് സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ജല്‍ജീവന്‍ പദ്ധതിക്ക് ആയിരക്കണക്കിന് കോടിയാണ് നല്‍കാനുള്ളത്. ക്ഷേമനിധി ബോര്‍ഡുകള്‍ തകര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് ക്ഷേമനിധികള്‍ തകരുന്നത്. വൈദ്യുതി ബോര്‍ഡിലെ ദീര്‍ഘകാല കരാര്‍ അഴിമതിക്കു വേണ്ടി റദ്ദാക്കി. ഒരു ദിവസം 20 കോടിയാണ് ബോര്‍ഡിന്റെ നഷ്ടം. അതുകൊണ്ടാണ് വൈദ്യുത ചാര്‍ജ്ജ് കൂട്ടിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞിട്ട് നടപ്പായോ? നെല്ലു സംഭരണവും നാളീകേര സംഭരണവും പാളിപ്പോയി. കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ പാക്കേജുകളൊക്കെ എവിടെ പോയി? അതില്‍ എത്ര രൂപ ചെലവഴിച്ചു. ഇടുക്കി, വയനാട് പാക്കേജുകള്‍ പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കിയിട്ടില്ല. എല്ലാ രംഗത്തും പ്രതിസന്ധിയാണ്. സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കി ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ട. നിങ്ങളുടെ വ്യാജനിര്‍മ്മിതികളും ജനങ്ങളുടെ മനസില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാലാം വര്‍ഷത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരില്ലായ്മയാണ് പ്രശ്നം. വിള്ളല്‍ ഉണ്ടായപ്പോഴും സര്‍ക്കാരിനെ കാണാനില്ല.
ദേശീയപാതയുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെങ്കിലും അതിലൂടെ റീല്‍സ് എടുത്ത് നടന്നവര്‍ കൃത്യമായും സൂഷ്മമായും പരിശോധിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ആരെയും കാണാനില്ലല്ലോ? എത്ര ഫ്ളക്സുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. ദേശീയപാത കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ പണിയുന്നതാണ്. ഗെയില്‍ പൈപ്പ് ലൈനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകുമായിരുന്നു. ഗെയില്‍ പൈപ്പ് ഭൂമിക്ക് അടിയില്‍ ഒളിപ്പിച്ചുവച്ച ബോംബ് ആണെന്ന് പ്രസംഗിച്ച ആളാണ് ഇപ്പോള്‍ ഈ മന്ത്രിസഭയില്‍ മന്ത്രിയായി ഇരിക്കുന്നത്. അന്ന് പദ്ധതികള്‍ക്കൊക്കെ പാര വയ്ക്കലായിരുന്നു പ്രധാന പണി.
ഇപ്പോഴത്തെ പ്രതിപക്ഷം കെ റെയിലിനെ മാത്രമെ എതിര്‍ത്തിട്ടുള്ളൂ. കെ റെയില്‍ പണിതിരുന്നെങ്കില്‍ പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകര്‍ക്കും. ദേശീയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഒരു ഉത്തരവാദിത്വവും ഇല്ലേ? എവിടെയാണ് മണ്ണ് പരിശോധന നടത്തിയത്? ഇതേക്കുറിച്ച് എത്രയോ തവണ പരാതി പറഞ്ഞു. പാരിസ്ഥിതിക പഠനം പോലും ഇല്ലാതെയാണ് പല സ്ഥലങ്ങളിലും പണി നടത്തിയത്. വടക്കേ ഇന്ത്യയില്‍ പണിയുന്നതു പോലെയല്ല കേരളത്തില്‍ ദേശീയപാത പണിയേണ്ടത്. ഹൈവെ നിര്‍മ്മാണത്തില്‍ അഴിമതിയും അശ്രദ്ധയും എന്‍ജീനീയറിംഗ് സൂപ്പര്‍വിഷനിലെ പാളിച്ചയും നടന്നിട്ടുണ്ട്. സബ് കോണ്‍ട്രാക്ടുകള്‍ നല്‍കിയതിനെ കുറിച്ചും അന്വേഷിക്കണം. ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്.
ഒരു ലിറ്റര്‍ ഇന്ധനത്തില്‍ നിന്നും 18 രൂപയാണ് റോഡ് സെസ്സായി പിരിക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് 13 കോടിയോളം പരിച്ചെടുത്തിട്ടുണ്ട്. ആ പണം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. എന്നിട്ടാണ് ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനം ഇല്ലെന്നു പറയുന്നത്. അവര്‍ അടിച്ച പെട്രോളില്‍ നിന്നും റോഡ് നിര്‍മ്മിക്കാന്‍ പണം ഈടാക്കിയിട്ടുണ്ട്.
മന്ത്രമാര്‍ തമ്മില്‍ ക്രെഡിറ്റ് എടുക്കുന്നതിലും ഉദ്ഘാടനം മാറ്റിവയ്ക്കുന്നതിലും തകര്‍ക്കമുണ്ട്. കുറച്ചു കൂടി കാര്യങ്ങള്‍ പുറത്തു വരട്ടേ.
കേന്ദ്രാനുമതി വാങ്ങി വന്നാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. വിശദമായ പഠനം നടത്തിയാണ് യു.ഡി.എഫ് അത്തരം ഒരു നിലപാട് എടുത്തത്. ഡി.പി.ആര്‍ പോലും ഇല്ലാതെയാണ് പദ്ധതിയുമായി വന്നത്. മഴക്കാലം വന്നാല്‍ കെ റെയിലില്‍ കൂടി ബോട്ട് കൂടി ഓടിക്കേണ്ടി വരും.
ബി.ജെ.പിയില്‍ പലരും ചേരുന്നുണ്ട്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവും ബി.ജെ.പിയില്‍ ചേര്‍ന്നു. 88 വയസുള്ള മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ എന്ത് പറയാനാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എസ്.എഫ്.ഐക്കാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഒരു ബഹളവും ഇല്ലല്ലോ.
പുനസംഘടന നടത്തുമ്പോള്‍ അത് അറിയിക്കും. പുനസംഘടന പാര്‍ട്ടി നടത്തും. നേരത്തെ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കുകയാണ്. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്. തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വര്‍ഡ് കമ്മിറ്റികള്‍ സജീവമാണ്. 60 ശതമാനം കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയായി. വാര്‍ഡ് വിഭജനത്തിന്റെ പേരിലുള്ള സ്വജനപക്ഷപാതത്തെ നിയമപരമായി നേരിടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്ല വിജയമുണ്ടാകും. എല്ലാ തിരഞ്ഞെടുപ്പുകളിലും സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ജനം വിലയിരുത്തും. കഴിഞ്ഞ തവണ കോവിഡ് വന്നത് കൊണ്ടാണ് പരാജയമുണ്ടായത്. എങ്കിലും 40 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫാണ്. അത് ഇത്തവണ 60 ശതമാനത്തിനും മുകളിലാക്കും.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടുള്ള പെരുമാറ്റം മാറ്റിയതിനെ കുറിച്ച് നിങ്ങള്‍ തന്നെ വിലയിരുത്തിയാല്‍ മതി. ഇങ്ങനെ ഒരു പാവം ഇരുന്ന് നിങ്ങളുടെ എല്ലാ ചോദ്യത്തിനും മറുപടി പറയുന്നില്ലേ. മുഖ്യമന്ത്രിയില്‍ നിന്ന് അത് കിട്ടുമോ? 50 മിനിട്ട് പുള്ളി തന്നെ പറയും 10 മിനിട്ട് നേരത്തെ അറേന്‍ജ് ചെയ്ത് ഇരിക്കുന്നവര്‍ ചോദിക്കും. നിങ്ങള്‍ ആരെങ്കിലും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചാല്‍ എഴുന്നേറ്റ് പോകും. മാധ്യമങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിലയിരുത്തിയാല്‍ മതി. ഞങ്ങള്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയല്ല, പരിഭവമാണ് പറയുന്നത്. ഒരു വര്‍ത്തയും കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങള്‍ നല്ല ടീം വര്‍ക്കുമായി മുന്നോട്ട് പോകുകയാണ്. ചെറിയ വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസില്‍ കുഴപ്പമാണെന്നു പറയുന്നത് സി.പി.എം നറേറ്റീവാണ്. കുറെ ആളുകള്‍ നിങ്ങളെ അതിന് പ്രേരിപ്പിക്കുന്നുമുണ്ട്. ഞങ്ങള്‍ക്ക് എതിരെ ഒരു നെഗറ്റീവും ഇല്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് പറയുന്നത്. അത് വരും ദിവസങ്ങളില്‍ നിങ്ങള്‍ കണ്ടോളൂ.
പൊലീസിനെ കുറിച്ച് ധാരാളം ആക്ഷേപമുണ്ട്. സ്ത്രീകളോടും പാവങ്ങളോടും പൊലീസ് എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ പ്രതീകമാണ് നാലാം വാര്‍ഷികത്തില്‍ തിരുവനന്തപുരത്ത് ബിന്ദുവിനുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു.