- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളമെന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയണം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും; കെ.പി.സി.സി പ്രസിഡന്റിനെ പേരാവൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല: വി ഡി സതീശന്‍
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളമെന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിലെ മത സൗഹാര്‍ദം റിയല്‍ കേരള സ്റ്റോറിയെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന നിമിഷമാണ് ആറ്റുകാല്‍ പൊങ്കാല. തലസ്ഥാന നഗരിയില്‍ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കുന്നു എന്നത് അഭിമാനകരമാണ്. പാളയം ഇമാമിനെ ഫോണില്‍ വിളിച്ചിരുന്നു. നോമ്പ് കാലമാണെങ്കിലും ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതാണ് ശരിക്കുള്ള കേരളമെന്ന് അദ്ദേഹം പറഞ്ഞു.
ആരും വര്‍ഗീയത പറയേണ്ടെന്നാണ് പുതുയുഗ യാത്രയിലും നല്‍കുന്ന സന്ദേശം. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളമാണെന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയണം. വര്‍ഗീയതയ്ക്ക് ഒരു പ്രാധാന്യവും ഉണ്ടാകില്ല. ഇതാണ് ഞങ്ങളുടെ മതേതര കേരളം എന്ന് രാജ്യത്തോട് വിളിച്ച് പറയാന്‍ കേരളത്തിനാകും. ഇതാണ് റിയല്‍ കേരള സ്റ്റോറി. വര്‍ഗീയ ആളിക്കാത്തിക്കാതെ രാജ്യവും കേരളത്തെ മാതൃകയാക്കണം. കേരളത്തിന് ഒരു പുതിയകാലമുണ്ടാകും. യു.ഡി.എഫിനെ ഭരണത്തില്‍ തിരിച്ചു കൊണ്ടു വരിക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. തുടര്‍ച്ചയായ രണ്ടു തോല്‍വികളിലൂടെ തകര്‍ന്ന ഒരു മുന്നണിയെ വിജയത്തില്‍ എത്തിക്കുക എന്ന ദൗത്യമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആ ദൗത്യം വിജയിപ്പിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.
ശബരിമല യുവതി പ്രവേശനത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാര്‍ പറയട്ടെ. ചെയ്തത് തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതിന് മാപ്പപേക്ഷയും നടത്തി. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും യുവതി പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ തയാറാകാതിരുന്നതെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും തെറ്റ് തിരുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കട്ടെ. നവോത്ഥാന സമതി രൂപീകരിച്ച് യുവതി പ്രവേശനത്തെ എതിര്‍ത്തവരെല്ലാം പിന്തിരിപ്പന്മാരാണെന്നാണ് അന്ന് പറഞ്ഞത്. ഞങ്ങളും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയാണ് മതപരമായ ആചാരാനുഷ്ടാനത്തില്‍ സര്‍ക്കാരുകളും കോടതികളും ഇടപെടേണ്ടെന്നും മാറ്റമുണ്ടാകണമെങ്കില്‍ മതത്തിനുള്ളില്‍ നിന്നും തന്നെ തീരുമാനം വരട്ടെയെന്നുമുള്ള നിലപാട് സ്വീകരിച്ചത്. - സതീശന്‍ പറഞ്ഞു.
മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആ സാഹചര്യത്തില്‍ മുന്‍കൂട്ടി സ്ഥാനാര്‍ത്ഥികളെ തീരുമനിക്കേണ്ട കാര്യമില്ല. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ആദ്യ ഘട്ടത്തിലെ 50 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. മൂന്നോ നാലോ ദിവസം കഴിഞ്ഞാണെങ്കില്‍ 60 സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിക്കാനാകും. ഡല്‍ഹിയില്‍ പോയി പത്തും പതിനഞ്ചും ദിവസമെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന രീതി ഇക്കുറി ഉണ്ടാകില്ല. പാലക്കാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. അധികാരം ഇല്ലാത്ത കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന ആളാണെന്നും പേര് പരിഗണിക്കുന്നതില്‍ അഭിമാനം ഉണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ കുഴപ്പമില്ലെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.
എല്‍.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ആദ്യം അല്‍ഫോണ്‍സ് കണ്ണന്താനം പോയി കേന്ദ്രമന്ത്രിയായി. ഇപ്പോള്‍ രാജേന്ദ്രനും അജിത്തും ബി.ജെ.പിയില്‍ ചേര്‍ന്നു. കേരളത്തില്‍ മറ്റു പാര്‍ട്ടികളിലേക്ക് ഏറ്റവും കൂടുതല്‍ പോകുന്നത് സി.പി.എമ്മുകാരാണ്. പുതുയുഗ യാത്രയിലും എല്ലാ നിയോജക മണ്ഡലങ്ങളിലും സി.പി.എമ്മുകാര്‍ക്ക് കോണ്‍ഗ്രസിലേക്ക് അംഗത്വം നല്‍കി. ഇടതുപക്ഷ സഹയാത്രികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജാഥയില്‍ ചേരുന്നത്.
കെ.പി.സി.സി പ്രസിഡന്റിനെ പേരാവൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല. അവിടെ ആരെയാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടതെന്ന് സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്. പക്ഷെ മട്ടന്നൂരില്‍ നിന്നും കെ.കെ ശൈലജയെ മാറ്റി തോല്‍ക്കുന്ന സീറ്റ് നല്‍കുന്നത് മാറ്റി നിര്‍ത്തുന്നതിന് തുല്യമാണ്.- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


