പുതുപ്പള്ളി: എഐസിസി പുനഃസംഘടനയിൽ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കൂടുതൽ സ്ഥാനങ്ങളിൽ ഇരുന്നയാളാണ് രമേശ് ചെന്നിത്തല. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ചെന്നിത്തലയുടെ പ്രവർത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി.

എഐസിസി പുനഃസംഘടനയിൽ വലിയ സന്തോഷമുണ്ട്. മുതിർന്ന നേതാവായ എ. കെ ആന്റണി ഇല്ലാത്ത ഒരു വർക്കിങ് കമ്മിറ്റിയെ കുറിച്ച് ആലോചിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം തുടരുന്നതിനെ കുറിച്ചുള്ള സതീശന്റെ പ്രതികരണം. പ്രവർത്തകസമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് വലിയ അതൃപ്തിയുണ്ടെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കേരളത്തിൽ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായതാണ് രമേശ് ചെന്നിത്തലക്ക് വിനയായത്.

കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവർത്തകസമിതിയിലേക്ക് എത്തിയാൽ ഒരേ സമുദായത്തിൽ നിന്നും മൂന്ന് പേർ പ്രവർത്തകസമിതിയിലേക്ക് എത്തുമെന്നുള്ളതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതവായി മാത്രം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.

അതേസമയം പുതിയ പ്രവർത്തക സമിതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. പുതുപ്പള്ളിയിൽ പ്രചാരണത്തിലായിരുന്ന ചെന്നിത്തല. ഇത്തവണ പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. കേരളത്തിൽ നിന്ന് മുൻപത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്നത് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരായിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലും പ്രവർത്തക സമിതിയിൽ തുടരുന്നുണ്ട്.

അതേസമയം പ്രവർത്തക സമിതിയിൽ ഇല്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൈകാരിക കുറിപ്പ് ചെന്നിത്തല ഫേസ്‌ബുക്കിൽ പങ്കുവെച്ചു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കുവെച്ചത്. രാജീവ് ഗാന്ധിക്കൊപ്പമുള്ള ഓർമ്മകൾ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിൽ വഴിവിളക്കെന്ന് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചത്. ഓർമ്മകളിൽ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലിൽ തണലിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ തന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് കൈപിടിച്ചുയർത്തിയത് അദ്ദേഹമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്: ''എന്റെ ഓർമ്മകളിൽ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലിൽ, തണലിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ യൂത്ത്കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയർത്തിയത് രാജീവ്ജിയായിരുന്നു. കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു. രാജീവ്ജിയുടെ ജന്മദിനത്തിൽ ആ മഹാതേജസ്സിന്റെ കത്തുന്ന ഓർമ്മകൾക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. ഈ ഓർമ്മകൾ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിൽ എന്റെ വഴിവിളക്ക്.'