തിരുവനന്തപുരം: കേരളാ ബജറ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് ഒരു പ്രസക്തിയുമില്ലാത്തതും ആളുകളെ കബളിപ്പിക്കുന്നതുമായ ബജറ്റാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കുന്ന ബജറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബജറ്റില്‍ ഒരു രൂപപോലും ഈ സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നില്ല. ഈ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഉത്തരവായി നടപ്പാകുമ്പോഴേക്കും ഈ സര്‍ക്കാറിന്റെ കാലാവധി കഴിയും. 2026-27 വര്‍ഷത്തില്‍ നടക്കുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റായിരിക്കുമെന്നും അതായിരിക്കും യഥാര്‍ഥ ബജറ്റെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തില്‍ വരാന്‍ പോകില്ലെന്ന് അവര്‍ക്കു തന്നെ ഉറപ്പായതാണ് ഈ ബജറ്റ് തെളിയിക്കുന്നത്. ചരിത്രത്തിലെതന്നെ ഏറ്റവും മോശം പദ്ധതിവിഹിത വിനിമയം നടത്തിയ സര്‍ക്കാറാണിന്. 38ശതമാനം മാത്രമാണ് ചെലവാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും പദ്ധതികളുടെ വിനിമയത്തില്‍ വര്‍ധനവുണ്ടായില്ല. കഴിഞ്ഞ ആറുമാസക്കാലം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍നിന്ന് മാറാന്‍ കഴിഞ്ഞിരുന്നില്ല.

ഇങ്ങനെയുള്ള സര്‍ക്കാറാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. ധന മന്ത്രി ഒരു നല്ല വാക്ക് ഉപയോഗിച്ചോ, ഇല്ല. ന്യൂ നോര്‍മല്‍ എന്ന് പറഞ്ഞു, നല്ലത്, പദ്ധതി വെട്ടിക്കുറക്കുക എന്നതാണ് കേരളത്തിലെ ന്യൂ നോര്‍മല്‍. പരിതാപകരമായ അവസ്ഥയാണ് കേരളത്തില്‍. 2500 രൂപ പെന്‍ഷന്‍ വര്‍ധിപ്പിക്കും എന്നു പറഞ്ഞ് പറ്റിച്ച സര്‍ക്കാറാണിത്. ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി അത് തള്ളിക്കളഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നു.

ക്ഷേമ പെന്‍ഷന്‍ ആരാണ് തുടങ്ങിയതെന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍. ശങ്കറിന്റെ കാലത്താണ് അത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണ് തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല. കടം കുറഞ്ഞു എന്നു പറഞ്ഞു, ശരിയല്ല. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞു. കോവിഡിന്‌ശേഷം വരുമാനം കുറച്ചു കൂടി അതാണ് കടം കുറഞ്ഞു എന്ന് പറയുന്നത്. ബജറ്റില്‍ പറയുന്ന കണക്കും യഥാര്‍ഥ കണക്കും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവര്‍ അധികാരത്തില്‍ വരില്ല എന്ന് ഉറപ്പാണ്. എന്തുകൊണ്ട് ഇതുവരെ ശമ്പള കമീഷനെ വെച്ചില്ല. അവസാനം പോണ പോക്കില്‍ ശമ്പള കമീഷന്‍ വെക്കുകയാണ്. അടുത്ത സര്‍ക്കാറാണ് അത് നടപ്പിലാക്കേണ്ടത്. ഡി.എ കുടിശ്ശിക നല്‍കുന്നതിലും ഇതാണ് അവസ്ഥ. ഒരു ലക്ഷം കോടി രൂപയാണ് ഡി.എ ഇനത്തില്‍ നല്‍കേണ്ടത്. ഇതും അടുത്ത സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്.

രൂക്ഷമായ വന്യജീവി ശല്യം ഉണ്ടായിട്ടും നീക്കിവെച്ചതില്‍ പകുതി പോലും ഉപയോഗിച്ചില്ല. ലൈഫ് മിഷനിലും ഇതു തന്നെയാണ് അവസ്ഥ. കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കുന്നില്ല. നെല്ല് സംഭരണം, ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാത്തിലും ജനത്തെ തഴഞ്ഞു. എസ്.സി വിഭാഗങ്ങള്‍ക്ക് 500 കോടിയാണ് വെട്ടിക്കുറച്ചത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വരുമാനം ഉണ്ടാകേണ്ടിയിരുന്ന സംസ്ഥാനമാണ് കേരളം.

എന്നാല്‍ 30 ശതമാനം വേണ്ടിയിരുന്നത് 10 ശതമാനമായി കുറഞ്ഞു. കടം കുമിഞ്ഞു കൂടുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ കൂട്ടിയത്. കഴിഞ്ഞ ബജറ്റിന്റെ പെര്‍ഫോന്‍സ് ഓഡിറ്റ് നടത്തി ധവളപത്രം പുറപ്പെടുവിക്കുന്നതിന് സര്‍ക്കാര്‍ തയാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.