കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. പ്രതിപക്ഷം മുന്‍പ് ഉന്നയിച്ച ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചതെന്ന് സതീശന്‍ പറഞ്ഞു. പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണിത്. മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലായി ഇപ്പോള്‍ മുഖ്യമന്തിയുടെ ഓഫീസ്. യുഡിഎഫ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ സംഘങ്ങളുമായി സിഎമ്മിന്റെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. അജിത്കുമാര്‍ തൃശൂര്‍ പൂരം കലത്തിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണകക്ഷി എംഎല്‍എ തന്നെ അത് പറയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അന്‍വറിനെ സി പി എമ്മിന് പേടിയാണ്. അതുകൊണ്ടല്ലേ അന്‍വറിനെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് മൗനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദം ആരെന്ന് ഇപ്പോള്‍ മനസിലായല്ലോ എന്നും സതീശന്‍ ചോദിച്ചു.

അതേസമയം അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സര്‍വീസില്‍ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താന്‍ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥന്മാര്‍ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎല്‍എ തന്നെ പറയുന്നു. എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇല്ലെങ്കില്‍ പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍ നടപടി സ്വീകരിക്കും.

ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോള്‍ അത് മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇപി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം ജയരാജനെ ബലിയാടാക്കിയതാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ബിജെപിയുമായി ചര്‍ച്ച നടത്തില്ല.ഇപി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ചില ഉദ്യോഗസ്ഥരുടെ ഫോണ്‍ താന്‍ ചോര്‍ത്തിയെന്ന് പി വി അന്‍വറും ആരോപണം ഉയര്‍ത്തിയിരുന്നു. വി അന്‍വറിന്റെ ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരച്ചു. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്നും അന്‍വര്‍ പ്രതികരിച്ചു.

എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് വസ്തുതയെങ്കില്‍ അതീവ ഗൗരവം ഉള്ളത്. അന്‍വര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെങ്കില്‍ അതും ഗൗരവമുള്ളത്. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് സിപിഎമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ് വിശ്വം, എല്‍ഡിഎഫില്‍ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇ പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നീക്കിയത് ഉചിതമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കില്‍ സിപിഎം തീരുമാനിക്കുമോ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സിപിഐ നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് തന്നെ പറഞ്ഞിട്ടുണ്ട്. ഇപി -ജാവേദ്കര്‍ കൂടിക്കാഴ്ച നടന്നപ്പോള്‍ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ- സിപിഎം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.