കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോര്‍ത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡേറ്റ ചോര്‍ത്തുന്നത് കുറ്റകൃത്യമാണ്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ടും ഇതുസംബന്ധിച്ച് വിധി വന്നിട്ടുണ്ട്. ഡേറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത്. ഡേറ്റാചോര്‍ച്ചയില്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. എല്ലാ ഔദ്യോഗികസംവിധാനങ്ങളും ദുരുപയോഗംചെയ്തു.

ഖജനാവില്‍ അഞ്ചുപൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുന്നത്. കടം വാങ്ങിയാണ് ഇതെല്ലാം. ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍നിന്ന് 250 കോടി രൂപയാണ് എടുക്കാന്‍പോകുന്നത്. സഹകരണബാങ്കുകളില്‍ നിന്ന് പതിനായിരം കോടിയാണ് എടുക്കുന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

നവകേരളസര്‍വേ റദ്ദാക്കിയ ഹൈക്കോടതിവിധി വളരെ കൃത്യമാണ്. സുപ്രീംകോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സ്റ്റേ പിന്‍വലിപ്പിക്കും. തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ നാട്ടുകാരുടെ നികുതിപ്പണമല്ല, സി.പി.എമ്മിന്റെ ഫണ്ടാണ് ചെലവാക്കേണ്ടത്. നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ വരേണ്ടാ.

വിജിലന്‍സ് കോടതി സര്‍ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ നിയമമന്ത്രി അതിനെ തള്ളിപ്പറയുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവിന്റെ കണികപോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണ് വിജിലന്‍സ് കോടതി പറഞ്ഞത്. ആ കോടതിപരാമര്‍ശം തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമമന്ത്രിക്കില്ല. നിയമമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിക്കേണ്ടാ. എന്ത് പങ്കാളിത്തമാണ് തന്ത്രിക്കുള്ളതെന്ന് എസ്.ഐ.ടി. പറയണം.

പത്തനംതിട്ടയിലും ഇടുക്കിയിലും മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫിന് ജയം ഉറപ്പാണ്. കോട്ടയത്ത് ഭൂരിഭാഗം സീറ്റുകളിലും ജയിക്കും. എറണാകുളത്ത് 14-ല്‍ പതിന്നാലും നേടും. 2014-ല്‍ ശമ്പളക്കമ്മിഷനെ നിയമിക്കേണ്ടതായിരുന്നു. തിരിച്ചുവരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനുള്ള ബുദ്ധിപൂര്‍വമായ ശ്രമം നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്‌നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് ഇത്തരത്തില്‍ കത്ത് അയക്കില്ല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചത്.