തിരുവനന്തപുരം: രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന ആശംസാ പ്രാസംഗികന് മറുപടിയുമായി ഇന്നലെ പിണറായി വിജയന്‍ രംഗത്തുവന്നത് കോണ്‍ഗ്രസിനെ പരിഹസിച്ചു കൊണ്ടായിരുന്നു. ഈ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു.

കോണ്‍ഗ്രസില്‍ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് സതീശന്‍ പരിഹസിച്ചു. 2006 ഓര്‍മിപ്പിക്കരുത് എന്ന് പിണറായി വിജയനോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു.തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമര്‍ശം ചിരിപടര്‍ത്തിയത്. വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്‌മോഹന്‍ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി കൊണ്ട് തന്നെ അടുത്ത മുഖ്യമന്ത്രി ചെന്നിത്തല ആകട്ടെ എന്നാണ് ആശംസ നേര്‍ന്നത്.

ഇത് തമാശയായി കണ്ടെങ്കിലും താന്‍ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് ധരിച്ചിരുന്ന പിണറായിക്ക് അത് സുഖിച്ചില്ല. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ് പിണറായി. സാധാരണ ഇത്തരം പ്രശ്നങ്ങളില്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്ന പിണറായി ആ സമീപനം വേദിയില്‍ എടുത്തില്ല. പകരം തമാശ കലര്‍ത്തി പരിഭവം പറയുകയാണ് ഉണ്ടായത്.

രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. ട്രോള്‍ കണക്കുള്ള മറുപടിയാണ് നല്‍കിയത്. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി. തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച, വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്‌മോഹന്‍ നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചെന്നിത്തലയെ എല്ലാ അര്‍ത്ഥത്തിലും പൊക്കുകയായിരുന്നു രാജ്മോഹന്‍. ഇങ്ങനെ പറയുന്നത് പിണറായിയെ കേള്‍പ്പിക്കാന്‍ വേണ്ടി എന്തിന് അദ്ദേഹത്തെ ചടങ്ങിലേക്ക് വിളിച്ചുവെന്ന ചോദ്യവും പ്രസക്തമാണ്. അത്തരത്തില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി പറയാന്‍ പാടില്ലാത്തതായിരുന്നു രാജ്മോഹന്‍ പറഞ്ഞു വച്ചത്.

'കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്. വി.ഡി. സതീശന്‍ സാറ് പോയോ... രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നുമുള്ള വേദിയല്ല. സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന വലിയ ചാലകശക്തിയാണ് രമേശ് ചെന്നിത്തല', എന്നായിരുന്നു സ്വാഗതപ്രാസംഗികന്റെ വാക്കുകള്‍. ഇപ്പോള്‍ തന്നെ വലിയ പ്രശ്‌നത്തിലാണെന്നായിരുന്നു ചെന്നിത്തലയ്ക്ക് അടുത്തിരുന്ന എം.കെ. പ്രേമചന്ദ്രന്റെ പ്രതികരണം. സ്വാഗതപ്രാസംഗികന്റെ ആശംസ സദസ്സിലാകെ ചിരിപടര്‍ത്തി. തുടര്‍ന്ന് തന്റെ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.

'സ്വാഗതപ്രാസംഗികനെക്കുറിച്ച് ഒരു വാചകം പറഞ്ഞില്ലെങ്കില്‍ അത് മോശമായി തീരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയമൊന്നും പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ലായെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ? അങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു എനിക്കദ്ദേഹത്തോട് സ്‌നേഹപൂര്‍വം ഉപദേശിക്കാനുള്ളത്', എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങായതു കൊണ്ട് മാത്രമാണ് പരിധി വിട്ട മറുപടി മുഖ്യമന്ത്രി നല്‍കാത്തത് എന്നാണ് സൂചന. രാജ്മോഹന്റേത് അതിരുവിട്ട പരാമര്‍ശമാണെന്ന അഭിപ്രായം രവി പിള്ള ഗ്രൂപ്പിനുമുണ്ട്.