തിരുവനന്തപുരം: കെ-ഫോണുമായി ബന്ധപ്പെട്ട് താൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ൽ കൊണ്ടുവന്ന കെ-ഫോൺ പദ്ധതിയിൽ അഴിമതി ഉണ്ട്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് ഞാൻ പറയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകൾക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ-ഫോണും റോഡ് ക്യാമറ പദ്ധതിയുമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല. കേന്ദ്രത്തിന്റെ നടപടികൾ മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിൽ ചിലതിനോട് ഞങ്ങൾക്കും യോജിപ്പുണ്ട്. എന്നാൽ എല്ലാത്തിനും കാരണം കേന്ദ്ര സർക്കാർ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ സർക്കാരുമായി ഒരുമിച്ച് സമരം ചെയ്യണോയെന്ന് മുന്നണിയിൽ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ബിജെപി സമൂഹ മാധ്യമ പേജുകളിൽ നടത്തുന്നത് നീചമായ പ്രചാരണമാണെന്ന് വിഡി സതീശൻ വിമർശിച്ചു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വന്ന വ്യാജ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. ഞങ്ങളാരും വിശ്വാസത്തെ വിൽപനക്ക് വെച്ചിട്ടില്ല. മതത്തെയും രാഷ്ട്രീയത്തെയും കോൺഗ്രസ് കൂട്ടിയോജിപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വി ഡി സതീശന്റെ വാക്കുകൾ

കെ ഫോൺ അഴിമതി സംബന്ധിച്ച ഹർജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവിൽ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്. തെരുവിൽ പറഞ്ഞാലും മൈതാനത്ത് പറഞ്ഞാലും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോയത്. കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല. കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാനുള്ള അവകാശം കോടതിക്കുണ്ട്. എ.ഐ ക്യാമറ അഴിമതിയും സമാനമായ കാലത്ത് നടന്നതാണ്. അത് സംബന്ധിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കെ ഫോൺ 2019 ൽ ഉണ്ടായതല്ലേയെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് പറഞ്ഞ് ഏഴ് വർഷമായിട്ടും അഞ്ച് ശതമാനത്തിന് പോലും നൽകിയില്ല. ആയിരം കോടിയുടെ പദ്ധതി ചെലവ് 1500 കോടിയായി വർധിപ്പിച്ചതിൽ തന്നെ അഴിമതിയുണ്ട്. സി.എ.ജിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഇത്രയും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. സി.എ.ജി അന്തിമ റിപ്പോർട്ട് ഉടൻ പുറത്ത് വരും. പദ്ധതി ഇപ്പോഴും പൂർത്തിയാകാത്ത സാഹചര്യത്തിൽ കാലതാമസമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ധനപ്രതിസന്ധിയുള്ള കേരളത്തിൽ 1500 കോടിയുടെ പദ്ധതി കൊണ്ടുവന്നിട്ടും 5 ശതമാനത്തിന് പോലും ഗുണം ലഭിച്ചില്ലെന്ന് പറയുന്നത് എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

എ.ഐ ക്യാമറയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എസ്.ആർ.ഐ.ടി, പ്രസാഡിയോ കമ്പനികൾ രണ്ട് ഇടപാടുകളിലുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണ് ഈ പദ്ധതികളിൽ നടന്നത്. നിലവിൽ സർക്കാരിനോട് സത്യവാങ്മൂലം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ കേസ് തള്ളിയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ അവഗണന ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇക്കാര്യം രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ ചില കാര്യങ്ങളിൽ പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ പെടുത്തിയിട്ടുമുണ്ട്.

കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവാണ് സിപിഎമ്മും സർക്കാരും നടത്തുന്നത്. അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംസാഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനഃസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണ്. ഇത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതാണ് സർക്കാരിന്റെ ആവശ്യം. സമരം എന്നത് രാഷ്ട്രീയ ആവശ്യമാണ്. ഇക്കാര്യത്തിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

അയോധ്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിൽ സംഘപരിവാർ നടത്തുന്ന തെറ്റായ പ്രചരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഞങ്ങളുടെ രാമൻ നിൽക്കുന്നത് ഹേ റാം എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചു വീണ ബിർള മന്ദിരത്തിന്റെ ഇടനാഴിയിലാണെന്നാണ് പറഞ്ഞത്. ഇതിനെയാണ് ബിജെപി ഹാൻഡിലുകൾ തെറ്റായി പ്രചരിപ്പിക്കുന്നത്. വിദ്വേഷത്തിന്റെ കാമ്പയിനാണ് ബിജെപി നടത്തുന്നത്. അവർ മാത്രമാണ് ഹിന്ദുക്കളെന്നും വിശ്വാസികളെന്നുമാണ് അവകാശപ്പെടുന്നത്. ക്ഷേത്രത്തിൽ പോകുന്ന മറ്റാരും ഹിന്ദുക്കളല്ലേ? മതപരമായതും ആരാധനാലയങ്ങളിലുമുള്ള വിശ്വാസവും സ്വകാര്യമായി കൊണ്ടു നടക്കുന്നതാണ്. വിശ്വാസത്തെ വിൽപനയ്ക്ക് വയ്ക്കുന്നതിനോട് യോജിക്കാനാകില്ല. അതാണ് ബിജെപി ചെയ്യുന്നത്. അതുകൊണ്ടാണ് അയോധ്യയിലെ യോഗത്തിൽ പോകേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കിയത് സിപിഎമ്മുകാരാണ്. വ്യാജ ഐ.ഡി കാർഡുമായി ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് ഡിവൈഎഫ്ഐക്കാരാണ്. പത്തനംതിട്ടയിൽ 18 സഹകരണ ബാങ്കുകളാണ് വ്യാജ ഐ.ഡി കാർഡുകൾ ഉപയോഗിച്ച് പിടിച്ചെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ഒരു തെളിവുമില്ല.

കരുവന്നൂർ ബാങ്കിലെ ഇ.ഡി അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന സ്വർണക്കടത്ത്, ലൈഫ് മിഷൻ അന്വേഷണങ്ങൾ പോലെ കരുവന്നൂരിലെ ഇ.ഡി. അന്വേഷണവും മുട്ടിൽ ഇഴയുകയാണ്. കരുവന്നൂരിലെയും മാസപ്പടിയിലേയും അന്വേഷണങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മും സംഘപരിവാറും തമ്മിൽ അവിഹിത ബാന്ധവമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണ്. സംഘപരിവാർ സഹായത്തിന് പകരമായി കുഴൽപ്പണകേസിൽ സുരേന്ദ്രനെ സിപിഎമ്മും സഹായിച്ചു. ബിജെപി കേരളത്തിൽ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിൽ ഈ കേസുകളുമായി മുന്നോട്ട് പോയേനെ. ഇപ്പോൾ കേസുകളുമായി മുന്നോട്ട് പോയാൽ അതിന്റെ ഗുണം യു.ഡി.എഫിന് കിട്ടും. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വരേണ്ടന്ന നിലപാട് ബിജെപി സ്വീകരിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയ്ക്കുകയെന്നതാണ് ബിജെപി ലക്ഷ്യം.

പൊലീസ് വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണ്. കണ്ണൂരിൽ പെൺകുട്ടിയുടെ മുടിയിൽ ചവുട്ടിയാണ് പൊലീസ് നിന്നത്. ലാത്തി ഉപയോഗിച്ച് കണ്ണിൽ കുത്തുകയാണ്. ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ച് മാറ്റിയതു പോലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും കഴുത്തിന് പിടിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പൊലീസ് കാട്ടുന്നത്. ഞങ്ങളുടെ കുട്ടികളെ നിയമവിരുദ്ധമായി ഉപദ്രവിച്ച ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. നിയമ നടപടികളുമായി അവർക്ക് പിന്നാലെയുണ്ടാകും. യൂത്ത് കോൺഗ്രസും കെ.എസ്.യുവും പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് ചൈതന്യം പകരുന്ന സംഘടനകളായി മാറിയിരിക്കുകയാണ്. അതിന് പിണറായി വിജയനോട് നന്ദി പറയുന്നു.

ഹൈക്കോടതി വിമർശനം

കെ ഫോൺ കരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പബ്ലിക് അറ്റ് ലാർജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്നാണ് ഹർജിയെ കുറിച്ച് ചോദിച്ചത്. ഇതോടെ ടെൻഡറിൽ അപാകതകൾ ഉണ്ടെന്ന് വിഡി സതീശന്റെ അഭിഭാഷകർ പറഞ്ഞു, സിബിഐ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ സി എ ജി റിപ്പോർട് വരട്ടെയെന്ന് ഹർജിയിൽ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാൽ പോരെ എന്നും കോടതി ചോദിച്ചു.

2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത്? രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി വിശദമാക്കി. പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഇല്ല. സർക്കാരിനോട് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹർജിക്കാരന് വേണമെങ്കിൽ ലോകായുക്തയെ സമീപിക്കാമല്ലോയെന്നും സർക്കാർ സൂചിപ്പിച്ചു. ഹർജിയിൽ ലോകായുക്തയെ വിമർശിച്ചതിനെതിരെ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വന്നു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു ഹർജിയിലുണ്ടായിരുന്നത്. അതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം, ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഹർജിയിലെ പരാമർശം അനുചിതമായെന്നാണ് കോടതി നിരീക്ഷിച്ചത്.

സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്ന് ജസ്റ്റിസ് വി.ജി അരുൺ ചോദിച്ചു. ഹർജിയിൽ പൊതു താത്പര്യമല്ല, പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. സി.എ.ജി യുടെ റിപ്പോർട്ട് എന്തെന്ന് കോടതി ചോദിച്ചു. സി.എ.ജി യുടേത് റിപ്പോർട്ടല്ല, നിരീക്ഷണമെന്ന് എ.ജി മറുപടി നൽകി.