കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും രാഷ്ട്രീയമോ മതമോ കലര്‍ത്തി വിദ്വേഷമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്നത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച് വഖഫ് ബോര്‍ഡ് മാത്രമാണെന്ന് സതീശന്‍ പറഞ്ഞു. കുടിയിറക്ക് അനുവദിക്കില്ലെന്നും സമരഭൂമി സന്ദര്‍ശിക്കവേ അദ്ദേഹം പറഞ്ഞു.

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സമരവും പ്രചാരണവും യുഡിഎഫ് സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു. പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിച്ച് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനെ കേരളം ഒറ്റക്കെട്ടായി നേരിടും.

മുനമ്പത്തേത് 10 മിനിറ്റ് കൊണ്ടു തീര്‍ക്കാവുന്ന പ്രശ്നമാണ്. സര്‍ക്കാര്‍ അത് വലിച്ചു നീട്ടിക്കൊണ്ടു പോകുന്നത് നല്ലതല്ല. കമ്മിഷനില്‍ നിന്നും എത്രയും വേഗം റിപ്പോര്‍ട്ട് വാങ്ങി പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക ഉത്തരവിറക്കിയാണ് കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചത്. അതേ മാതൃകയില്‍ കേരള സര്‍ക്കാരിനും മുനമ്പത്തെ പ്രശ്നം പരിഹരിക്കാം. പ്രശ്നം മനഃപൂര്‍വം നീട്ടിക്കൊണ്ടു പോയി ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ യുഡിഎഫ് ചെറുത്ത് തോല്‍പ്പിക്കും.

സമര സമിതിയുമായി സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയപ്പോഴാണ് ഉന്നതതല യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചത്. മുനമ്പത്തെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഗുണം കിട്ടിക്കോട്ടെയെന്നു കരുതിയാണ് പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയത്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പറഞ്ഞത് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ്. പാലക്കാട് നടന്നത് പാതിരാ നാടകമാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായം രണ്ടു തവണ അടിവരയിടുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി പെട്ടിയുമായി വന്നെന്ന പ്രചരണം നടത്തി രാത്രി പന്ത്രണ്ടരയ്ക്ക് വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ മാത്രം റെയ്ഡ് നടത്തി പാതിരാ നാടകം നടത്തിയ മന്ത്രി എം.ബി.രാജേഷും ബന്ധുവും വനിതാ നേതാക്കളോടും ജനങ്ങളോടും മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.