കൊല്ലം: സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളായ തങ്ങളെ നോക്കിയാണ് പിണറായി വിജയന്‍ തത്വമസി എന്ന് പറഞ്ഞതെന്നും അതിന്റെ അര്‍ഥം എന്താണ് എന്ന് മനസിലാക്കി തന്നെ ആണോ പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു.

തത്വമസിയുടെ അര്‍ത്ഥം പോലും മുഖ്യമന്ത്രിക്ക് അറിയില്ല. കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരില്‍ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പന്‍ പണി കൊടുത്തു. സ്വര്‍ണം പൊതിയാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുക്കാന്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് നിര്‍ബന്ധം പിടിച്ചതായും പോറ്റിക്ക് കൊടുത്താലെ പണം കൈ നിറയെ കിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് സ്വര്‍ണം അടിച്ചു മാറ്റാനുള്ള ശ്രമം തകര്‍ത്തത്. അമ്പലം വിഴുങ്ങികളാണ് ഇവര്‍, അമ്പലങ്ങളില്‍ കയറി അടിച്ചു മാറ്റുകയാണെന്നും കമഴ്ന്നു വീണാല്‍ കാല്‍ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. നിലവിലെ ദേവസ്വം പ്രസിഡണ്ടിനെതിരെ കേസെടുക്കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇതിനുള്ള സൂചനയാണ് കോടതി നല്‍കിയതെന്നും എന്നിട്ടും കാലാവധി നീട്ടാനാണ് ശ്രമമെങ്കില്‍ പങ്കുപറ്റിയ വലിയ ഉന്നതര്‍ പിന്നില്‍ ഉണ്ടെന്നാണ് അര്‍ത്ഥമാക്കേണ്ടതെന്നും കൂട്ടിചേര്‍ത്തു.

ആരോടും പറയാതെയാണ് പി.എം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്. കേന്ദ്ര അവഗണയ്ക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട്, എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പി.എം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാര്‍ ഒപ്പിട്ടു. അത് തുറന്നു പറയണം. ബിജെപിയും സി.പി.എമ്മും തമ്മില്‍ അവിഹിതമായ ഒരു ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അതിന് അടിവരയിടുന്നു.

സി.പി.ഐ അപമാനിക്കപ്പെട്ടു എന്നത് സത്യമാണ്. ഏത് സി.പി.ഐയെന്നും ചോദിച്ചു. ഒപ്പ് വച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്‍ മിണ്ടാതിരുന്നു. എന്ത് മാത്രം കബളിപ്പിക്കലാണ്. എന്താണ് ഇതിന് പിറകിലുള്ള ദുരൂഹത? എന്താണ് ഗൂഡാലോചനയെന്ന് വ്യക്തമാകണമെന്നും സതീശന്‍ പറഞ്ഞു.