- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോറ്റിക്ക് പിണറായിക്കൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും എടുക്കാം'; പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടില്ല; മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ്
'പോറ്റിക്ക് പിണറായിക്കൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും എടുക്കാം'
കൊച്ചി: സോണിയാ ഗാന്ധി-പോറ്റി ഫോട്ടോ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ചത് വിലകുറഞ്ഞ ആരോപണമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം നേതാക്കള്‍ ജയിലിലാണെന്ന കാര്യം മറച്ചുവെക്കാനാണ് ഇത്തരമൊരു ആരോപണമെന്നാണ് വി.ഡി. സതീശന്റെ പക്ഷം. മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഏറ്റവും മോശം പത്രസമ്മേളനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എയര്‍പോട്ടിലും, റെയില്‍ വേ സ്റ്റേഷനിലും ഉള്‍പ്പെടെ പലരും വന്ന് ചിത്രങ്ങളെടുക്കാറുണ്ട്. അവര്‍ പിന്നീട് പ്രതികളായാല്‍ തന്നെയും കുറ്റപ്പെടുത്തുമോ എന്നാണ് വി.ഡി. സതീശന്റെ ചോദ്യം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, താനാണ് സംരക്ഷിച്ചതെന്ന് വി.ഡി. സതീശന്‍ പറയുന്നു.
അന്ന് വ്‌ലോഗറെന്ന് കരുതി കൊണ്ടുവന്നയാള്‍, പിന്നീട് സ്‌പൈ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതില്‍ റിയാസിനെ പഴിചാരേണ്ടെന്ന് പറഞ്ഞത് താനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭയം കൊണ്ടാണ് സിപിഐഎം നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നതെന്നും, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ പലരും കുടുങ്ങുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസിനെതിരായ പ്രചാരണ ആയുധമാക്കിയ ഘട്ടത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. സ്വര്‍ണ്ണക്കൊള്ള നടത്തിയ പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുന്നുവെന്നും ഇത് മറച്ചുവെക്കാനാണ് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് എന്നുമാണ് സതീശന്‍ പറഞ്ഞത്. ഇത്തരക്കാര്‍ പലര്‍ക്കുമൊപ്പം ഫോട്ടോ എടുക്കുമെന്നും മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ ഉണ്ടെങ്കിലും തങ്ങള്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സോണിയയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയെത്തി, ആരാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് നല്‍കിയത് എന്നറിയില്ല എന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. എന്തിനാണ് കണ്ടത് എന്നും തമ്മില്‍ അറിയില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. വിഷയത്തില്‍ സിപിഎം - കോണ്‍ഗ്രസ് പോര് കടുക്കുകയാണ്.




