തിരുവനന്തപുരം: കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇടപ്പെട്ടില്ല എന്നതാണ് എനിക്കെതിരായ ഗുരുതരമായ ആരോപണമെന്ന് സതീശന്‍ പറഞ്ഞു. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ മേയര്‍ സ്ഥാനാര്‍ഥി വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മേയര്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തത് കൗണ്‍സിലര്‍മാരുടെ അഭിപ്രായം അടക്കം മാനിച്ചാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടപെടല്‍ ഒരു ഘട്ടത്തില്‍ പോലും ഉണ്ടായിട്ടില്ല എന്നും അങ്ങനെ ഉണ്ടാകാന്‍ പാടില്ല എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നത് വരെ ഞാന്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ ഇടപെടാന്‍ പാടില്ല. ഒരു മുതിര്‍ന്ന നേതാവും ഇടപെടാന്‍ പാടില്ല. ഇതിന് നടപടിക്രമം ഉണ്ട്' സതീശന്‍ പറഞ്ഞു. ഒന്നില്‍കൂടുതല്‍ പേര്‍ മേയറാകാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും സതീശന്‍ ചോദിച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് കെ.പി.സി.സിക്ക് ഒരു നടപടിക്രമം ഉണ്ട്. എല്ലായിടത്തും അത് ബാധകമാണ്. തനിക്ക് പറവൂരിന്റെ ചുമതലയാണ് നല്‍കിയത്. ഒന്നില്‍കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വന്ന ഇടങ്ങളിലെല്ലാം അത്തരത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ് അധ്യക്ഷന്മാരെ കണ്ടെത്തുന്നത്.

ഒരു സഭയും തങ്ങളോട് ആരോടും ഇന്നയാളെ നിര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും കൊച്ചിയിലെ മേയര്‍ സംബന്ധിച്ച തര്‍ക്കത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സ്വാഭാവിക നടപടിക്രമങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കെ.പി.സി.സി അത് പരിശോധിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള ലാലി ജെയിംസിന്റെ ആരോപണത്തോട് ആകാത്തവര്‍ എന്തൊക്കെ പറയും എന്നായിരുന്നു സതീശന്റെ പ്രതികരണം. ഞാന്‍ കാണുന്ന കാലംതൊട്ടേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് നിജി ജസ്റ്റിന്‍. മുകളില്‍നിന്ന് ആരും ആരേയും കെട്ടിയിറക്കിയിട്ടില്ല. നിജി ജസ്റ്റിന്‍ തന്റെ ജോലി വരെ കളഞ്ഞ് നില്‍ക്കുന്ന ആളാണ് എന്നും ഭൂരിപക്ഷ അഭിപ്രായം അവര്‍ക്കൊപ്പമായിരുന്നു.

കെ.പി.സി.സിയുടെ സര്‍ക്കുലര്‍ ലംഘിച്ച് എന്തെങ്കിലും നടന്നാല്‍ അവിടെ പാര്‍ട്ടി ഇടപെടും. മാധ്യമങ്ങള്‍ തീരുമാനിക്കുന്ന മേയറെ കോണ്‍ഗ്രസിന് ആക്കാന്‍ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന ഒരു തീരുമാനവും അധ്യക്ഷ സ്ഥാനങ്ങളിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.