തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീന്‍ പദ്ധതിയില്‍ പങ്കാളിയാക്കിയ ഇന്ത്യ ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ എന്ന സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി. ഇത്രയും വലിയൊരു പദ്ധതിയിലും അഴിമതി നടത്തി എന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണ രൂപത്തില്‍:

ഡിജിറ്റല്‍ സര്‍വകലാശാലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തട്ടിപ്പും അഴിമതിയും നടക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. മറ്റു സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെയാണ് ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍.

വിവിധ പ്രോജക്ടുകളിലൂടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക കണ്ടെത്തണമെന്ന വ്യവസ്ഥയാണ് അഴിമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. സര്‍വകലാശാല രൂപീകരിച്ചത് മുതല്‍ ഓഡിറ്റ് നടത്താത്തതാണ് അഴിമതിക്ക് കാണമെന്നതില്‍ സംശയമില്ല. സര്‍വകലാശാലയ്ക്ക് കിട്ടേണ്ട പല പ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസു കമ്പനികളുടെ പേരില്‍ സര്‍വകലാശാലയുടെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് നടപ്പാക്കുന്നത്. പ്രോജക്ടുകള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി ചില അധ്യാപകര്‍ അഞ്ചിലധികം കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും അതീവ ഗൗരവതരമാണ്. സര്‍വകലാശാല ശമ്പളം നല്‍കുന്ന ജീവനക്കാരെയാണ് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തിന് ഈ അധ്യാപകര്‍ ഉപയോഗിക്കുന്നത്.

അങ്ങു തന്നെ അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീന്‍ പദ്ധതിയില്‍ പങ്കാളിയാക്കിയ സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഇന്ത്യ ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ എന്ന തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി. കേന്ദ്ര ഇലക്ട്രേണിക്സ് മന്ത്രാലയം നല്‍കുന്ന 94. 85 കോടിക്ക് പുറമെ സംസ്ഥാന സര്‍ക്കാരിനും പദ്ധതിയില്‍ മുതല്‍മുടക്കുണ്ട്. ഇത്രയും വലിയൊരു പദ്ധതിയിലും അഴിമതി നടത്തി എന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനായി സര്‍വകലാശാല പാട്ടത്തിനെടുത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നല്‍കിയതിന് പിന്നിലും ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് കീഴിലുള്ള സര്‍വകലാശാലയിലാണ് അഴിമതിയും വഴിവിട്ട നീക്കങ്ങളും നടക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.