- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ എന്തിനാണ് ആക്രമിക്കുന്നത്? രാഹുലിന്റെ സസ്പെന്‍ഷന്‍ വിഡി സതീശന്‍ എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല; ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകര്‍ക്കാന്‍ വേണ്ടി ഞാന്‍ ഗൂഢാലോചന നടത്തി എന്നാണ്; ഇങ്ങനെ ഒരുപാട് നാടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം എഐസിസിയുടെ അനുമതിയോടെ കെപിസിസി നേതൃത്വം ഒരുമിച്ചെടുത്തതാണ്. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ എന്തിനാണ് ആക്രമിക്കുന്നത്? സസ്പെന്‍ഷന്‍ വിഡി സതീശന്‍ എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. എല്ലാ കോണ്‍ഗ്രസ് നേതാക്കളും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചെടുത്ത തീരുമാനമാണത്. എഐസിസിയുടെ അനുമതിയോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എടുത്ത അച്ചടക്ക നടപടിയാണ്. അതിനെ കോണ്‍ഗ്രസുകാരായ ആരും എതിര്‍ക്കില്ല'- സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
താന്‍ വഴിവിട്ടു ചെറുപ്പക്കാരെ സഹായിക്കുന്നു, എന്നൊക്കെയാണ് നേരത്തേ പഴി കേട്ടതെങ്കില്‍ ഇപ്പോള്‍ നേരെ തിരിച്ചാണെന്നും സതീശന്‍ പറഞ്ഞു. 'ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകര്‍ക്കാന്‍ വേണ്ടി ഞാന്‍ ഗൂഢാലോചന നടത്തി എന്നാണ്. രണ്ടും ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമോ? ഇങ്ങനെ ഒരുപാട് നാടകങ്ങള്‍ ഉണ്ടാകും' സതീശന്‍ പറഞ്ഞു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങള്‍ തെളിവു സഹിതം പുറത്തു വന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്നും സതീശന്‍ പറഞ്ഞു. 'സെപ്റ്റംബര്‍ മൂന്നിനാണ് കുന്നംകുളം സ്റ്റേഷനിലെ ക്രൂരമര്‍ദന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ സെപ്റ്റംബര്‍ 11 ആയി. അതിനു ശേഷം പീച്ചി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി എല്ലായിടത്തു നിന്നും പൊലീസ് ക്രൂരതയുടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ക്രൂരമായ ഇത്തരം പൊലീസ് മര്‍ദനങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ആരാണ് ഇവിടെ ആഭ്യന്തര മന്ത്രി? ആഭ്യന്തര വകുപ്പിനെതിരെ നാളിതുവരെയില്ലാത്ത വിധത്തില്‍ തെളിവുകളോടെ ആരോപണങ്ങള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ആരെയാണ് സംരക്ഷിക്കുന്നത്? സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതിനു പകരം കേരളത്തിലെ പൊതുസമൂഹത്തോടു മറുപടി പറയാതെ എവിടേക്കാണ് ഒളിച്ചോടുന്നത്'? സതീശന്‍ ചോദിച്ചു.