കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ നടക്കുന്ന കാര്യങ്ങള്‍ സംശയാസ്പദമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ നാടിനോട് കൂറുളള മുസ്ലീം സഹോദരന്‍മാരും സഹോദരികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മെക് സെവനില്‍ നടക്കുന്ന കാര്യങ്ങള്‍ സംശയാസ്പദമാണ്. കാരണം അതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും ഉള്‍പ്പെടെയുളള ശക്തികളുണ്ട് എന്ന് വിശ്വസിക്കാന്‍ മതിയായ നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലരും വ്യായാമം എന്ന നിലയ്ക്ക് മാത്രമാണ് ഇതിനൊക്കെ പോകുന്നത്. മറ്റൊന്നും മനസിലാക്കിയിട്ടുണ്ടാകില്ല. അങ്ങനെയുളളവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെക്കുറിച്ച് കൂടി മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മെക് സെവനെക്കുറിച്ച് സിപിഎം ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യമാണ്. കാരണം സിപിഎമ്മിന് ചില കാര്യങ്ങളില്‍ തിരിച്ചറിവ് ഉണ്ടാകുന്നത് വൈകിയാണ്. വൈകിയാണെങ്കിലും തിരിച്ചറിവ് ആര്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ല കാര്യമാണ്. അതുകൊണ്ടാണ് ധാരാളം സിപിഎമ്മുകാര്‍ ബിജെപിയിലേക്ക് വരുന്നതെന്നും തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ അവര്‍ ബിജെപിയിലേക്ക് വരുകയാണ് ചെയ്യുന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ ലാല്‍ ഉള്‍പ്പെടെയുളളവര്‍ വി. മുരളീധരനൊപ്പം ഉണ്ടായിരുന്നു.