- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്മാര്‍ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്‍; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്‍; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണം
കള്ളന്മാര്‍ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണപ്പാളി മോഷണം പോയെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ന്യായീകരണമായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത് കള്ളന്മാരെ സംരക്ഷിക്കാനാണെന്നും വി മുരളീധരന്‍ പറഞ്ഞു. ഉത്തരവാദികള്‍ ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ലായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഉത്തരവാദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വത്തില്‍ നിന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡണ്ടിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലയെന്നും കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമായിരുന്നു. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. കള്ളന്മാര്‍ക്ക് കഞ്ഞി വെയ്ക്കുകയാണ് വാസവന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ചെയ്യുന്നത് എന്നും വി മുരളീധരന്‍ പറഞ്ഞു.
അതേസമയം ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ല്‍ നവീകരിക്കാനായി വീണ്ടും സ്വര്‍ണപ്പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണം സംഘം കണ്ടെത്തി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.
1998-99 ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.