തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിരുന്നതെന്നും അവിടത്തെക്കുറിച്ചുപറയാമെന്നും മുരളീധരന്‍ പറഞ്ഞു. 'ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയുടെ ചുമതലയാണ്. ഓഗസ്റ്റ് മാസം പകുതിതൊട്ട് ഈ മാസം ഇരുപതാം തീയതിവരെ മുംബയ് കേന്ദ്രമാക്കി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പാണ് ഞാന്‍ ശ്രദ്ധിച്ചത്.

പ്രധാനപ്പെട്ട നേതാവായതുകൊണ്ടാണല്ലോ പാര്‍ട്ടി എനിക്ക് മഹാരാഷ്ട്രയുടെ ചുമതല തന്നത്. അതുകൊണ്ട് മഹാരാഷ്ട്രയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഇവിടെ എന്തൊക്കെയാണ് പ്ലാന്‍ചെയ്തത്, എന്തൊക്കെ നടപ്പിലായി, എന്തൊക്കെ നടപ്പിലായില്ല അതൊക്കെ പാര്‍ട്ടി വിലയിരുത്തും. ഇനി ഈ ഘട്ടത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പ്രസിഡന്റ് പറയും. വേറെന്തുപറയാനാ'- മുരളീധരന്‍ പറഞ്ഞു.

അതേസമയം തോല്‍വിയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗം ചേരുന്നുണ്ട്. അതേസമയം, പാലക്കാട്ടെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി പൊട്ടിത്തെറിയുടെ വക്കിലാണ്. ഇതുവ്യക്തമാക്കി നേതൃസ്ഥാനത്തിനെതിരെ പരസ്യപ്രതികരണവുമായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കെ സുരേന്ദ്രനെ മാറ്റുന്നതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന അദ്ധ്യക്ഷന്‍ പാലക്കാട്ട് തമ്പടിച്ചതുകൊണ്ടുമാത്രം വിജയിക്കാവാനില്ലെന്ന് ബിജെപി ജില്ലാകമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ ഒരു സ്വകാര്യ ചാനലില്‍ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ തന്നെ നേതൃത്വം ഇത് പരിഗണിച്ച് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഘടനാ സംവിധാനത്തില്‍ പാളിച്ചകളുണ്ടായെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്നാണ് മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്‍ പറഞ്ഞത്

.കെ സുരേന്ദ്രന്റെ നോമിനിയായാണ് കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായത്. പ്രചാരണമടക്കമുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിച്ചത് കെ സുരേന്ദ്രന്‍ നേരിട്ടായിരുന്നു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പോയത്. അവിടെ പാര്‍ട്ടിക്ക് വോട്ടുവിഹിതം കാര്യമായി ഉയര്‍ന്നപ്പോള്‍ പാലക്കാട്ട് പാര്‍ട്ടി കേന്ദ്രങ്ങളില്‍പ്പോലും ബിജെപിക്ക് വോട്ടുകുറയുകയായിരുന്നു.

അതേസമയം നഗരസഭയിലെ അടിസ്ഥാന വോട്ടുകളില്‍ കുറവ് വന്നില്ലെങ്കിലും പ്രതീക്ഷിച്ച നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസും സിപിഎമ്മും നഗരസഭ ഭരണത്തിനെതിരെ വ്യാജപ്രചാരണം നടത്തി. തുടര്‍ച്ചയായി മത്സരിക്കുന്നു എന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 'ജയിക്കാനായി ശ്രമം നടത്തി. പാലക്കാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിനു കഴിഞ്ഞില്ല. ഞങ്ങളുടെ അടിസ്ഥാന വോട്ടുകളില്‍ ഒരു കുറവും വന്നിട്ടില്ല. സിപിഎമ്മിനാണ് അടിസ്ഥാന വോട്ടുകള്‍ നഷ്ടമായത്'- സി. കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അത് നേതൃത്വം കാര്യമാക്കിയില്ല. ജനസ്വാധീനമുളള മുതിര്‍ന്ന നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയപ്പോഴും അതിനെ നിസാരമായി കണ്ട നേതൃത്വം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുളള നടപടി സ്വീകരിച്ചതുമില്ല. ഇതെല്ലാം പാര്‍ട്ടി വോട്ടുകള്‍ കുറച്ചുവെന്നാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിലയിരുത്തല്‍.