തിരുവനന്തപുരം: വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നും വിജയിച്ചു കയറായ ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ് ഇവര്‍.

15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എന്‍ഡിഎക്ക് ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റിലും വിജയിക്കാനായില്ല.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്കും ശിവജി മത്സരിക്കും. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വലയിരുത്തലിലാണ് മത്സരിക്കാന്‍ തീരുമാനിച്ചത്.

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അതേസമയം മറ്റു ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലേക്കുമടക്കം പ്രസിഡന്റുമാരെയും മേയര്‍മാരെയും തെരഞ്ഞെടുക്കുന്ന നടപടികളുമായി പാര്‍ട്ടികള്‍ മുന്നോട്ടുപോവുകയാണ്.

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം മില്ലി മോഹന്‍ ആണ് പ്രസിഡന്റാകുക കോടഞ്ചേരി ഡിവിഷനില്‍ നിന്നാണ് മില്ലി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. നാദാപുരം ഡിവിഷനില്‍ നിന്നും ജയിച്ച ലീഗിന്റെ കെകെ നവാസാണ് വൈസ് പ്രസിഡന്റാവുക. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷ പദവി ലീഗിന് നല്‍കാനാണ് മുന്നണിയിലെ ധാരണ.

ഇടതുമുന്നണി കുത്തകയാക്കിവെച്ചിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകളാണ് ഇക്കുറി യുഡിഎഫ് നേടിയത്. 13 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. അതേസമയം, കണ്ണൂര്‍ കോര്‍പറേഷനില്‍ കെപി താഹിര്‍ ഡെപ്യൂട്ടി മേയറാകും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് താഹിര്‍. വാരം ഡിവിഷനില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി ഇന്ദിരയെ മേയറാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.