- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതൊക്കെ കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്..; കൈയ്യിൽ മുഴുവൻ ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങൾ; പ്രിയങ്ക ഗാന്ധിയുടെ നിലപാട് തള്ളി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് പകരം, ഈ സാഹചര്യത്തെ രാഷ്ട്രീയ മുതലെടുപ്പിനായി കോൺഗ്രസ് ഉപയോഗിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാർ തങ്ങളുടെ സമ്പാദ്യവും പെൻഷൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ, സ്വന്തം എം.പി ഫണ്ട് പോലും നൽകില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ്. ഇടതുപക്ഷ പ്രതിനിധികൾ ശമ്പളം ഉൾപ്പെടെ നൽകി പുനർനിർമ്മാണത്തിൽ പങ്കാളികളായപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഹായം നൽകാൻ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ദുരന്തബാധിതർക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ച് കോടികൾ പിരിച്ചെടുത്തിട്ടും മാസങ്ങൾ പിന്നിട്ടിട്ടും കോൺഗ്രസ് നടപടി സ്വീകരിച്ചില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന 'കല്ലിടൽ നാടകം' ജനങ്ങളെ വഞ്ചിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
നാട് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് സർക്കാരിനെ കുറ്റപ്പെടുത്താനും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചരിപ്പിക്കാനും നേതാക്കൾ ശ്രമിക്കുന്നത് ദുരന്തബാധിതരോടുള്ള ക്രൂരതയാണെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ദുരന്തത്തെ പണമുണ്ടാക്കാനുള്ള മാർഗ്ഗമായി കാണുന്ന നിലപാട് കോൺഗ്രസ് തിരുത്തണമെന്നും ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


