- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ നടിയോട് ഏഴുമിനിറ്റുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു; പ്രതിഫലമായി അഞ്ചുലക്ഷം നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി; കലോത്സവ അവതരണ ഗാന നൃത്താവിഷ്‌കാരം ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി; വിവാദം ചൂടുപിടിച്ചതോടെ യുടേണ്‍
കലോത്സവ അവതരണ ഗാന വിവാദത്തില്‍ പ്രസ്താവന പിന്‍വലിച്ച് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാന നൃത്താവിഷ്‌കാര വിവാദം ചൂടുപിടിച്ചതോടെ നിലപാട് മാറ്റി മന്ത്രി വി ശവന്‍കുട്ടി. നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വെഞ്ഞാറമൂടില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കലോത്സവത്തിന്റെ നൃത്താവിഷ്‌കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അവര്‍ പ്രതിഫലമായി അഞ്ചുലക്ഷം രൂപ നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.
അവര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രസ് സെക്രട്ടറിയോട് ചോദിച്ചത്. താന്‍ മറുപടിയൊന്നും വന്നില്ല. താന്‍ പറഞ്ഞ ഇക്കാര്യം വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തിട്ടേയുള്ളു ഇപ്പോള്‍. കുട്ടികളുടെ പരിപാടിയാണെന്ന പരിഗണന എല്ലാവരും നല്‍കാറുണ്ട്. കലോത്സവത്തിന് മുമ്പായി കുട്ടികളെ നിരാശരാക്കുന്ന ഇത്തരം ചര്‍ച്ച ആവശ്യമില്ല. വെഞ്ഞറമൂട് നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദവും ഇതോടെ തീരട്ടെയെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. താന്‍ പറഞ്ഞ കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും ഇതോടെ എല്ലാം തീരുകയാണെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു
വെഞ്ഞാറമ്മൂട് നടത്തിയ സാംസ്‌കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. പരിപാടിക്ക് മുടങ്ങാതെ എത്തുന്ന കാര്യം സുരാജ് പറഞ്ഞപ്പോള്‍ എല്ലാവരും ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കലോത്സവത്തിലെ നൃത്താവിഷ്‌കാരം സംബന്ധിച്ച കാര്യം പറഞ്ഞത്. അതല്ലാതെ മറ്റു വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നതിന് ഒരു നടി പണം ആവശ്യപ്പെട്ടെന്നും ഇവര്‍ക്ക് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണെന്നുമാണു നേരത്തെ മന്ത്രി വിമര്‍ശിച്ചത്.
ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം ചിട്ടപ്പെടുത്താന്‍ വേണ്ടി നടി പണം ആവശ്യപ്പെട്ടെന്നു പറഞ്ഞായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിമര്‍ശനം. സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ 7 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് പ്രശസ്ത നടിയെ ക്ഷണിച്ചത്. അവര്‍ ക്ഷണം സ്വീകരിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍: ''എത്ര അഹങ്കാരികളായി ഇവര്‍ മാറുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണം. 5 ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നത്. എത്ര അഹങ്കാരമാണ്. പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. പകരം പഠിപ്പിക്കാന്‍ ഇവിടെ എത്ര പേര്‍ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയില്‍ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു.'' നടിയുടെ പേരു പറയാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതോടെ, ആരാണ് ആ നടി എന്നതായി ചര്‍ച്ച. പലരും സംശയത്തിന്റെ നിഴലിലായി.
സ്‌കൂള്‍ കലോല്‍സവത്തിലൂടെ പേരെടുക്കുകയും സിനിമയില്‍ എത്തുകയും ചെയ്ത ചില അഭിനേത്രിമാരെ ചുറ്റിപ്പറ്റിയായി ചര്‍ച്ച. മുന്‍പും, ഒരു നടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടായെന്ന് മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ്, യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടത്. ചടങ്ങിലെ മുഖ്യാതിഥി നടി നവ്യ നായരെ വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം.
അതേസമയം, താന്‍ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നവ്യ ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്‍കുകയും ചെയ്തു. കേരള സര്‍വകലാശാലാ കലോത്സവ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചപ്പോള്‍ അവര്‍ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞിരുന്നു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നാണ് ശിവന്‍കുട്ടി ആവശ്യപ്പെട്ടത്.