- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം പിന്തിരിപ്പൻ നയം സ്വീകരിച്ച് ക്യാപ്സൂൾ ഇറക്കും; എതിർക്കുന്നവരെ തല്ലുക പോലും ചെയ്യും; ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞ് നിലപാട് തിരുത്തി പുതിയ ക്യാപ്സൂളും പിആറും; പിണറായി സർക്കാർ സ്വകാര്യ വിദേശ നിക്ഷേപം തേടുന്നതിനെ പരിഹസിച്ച് വി ടി ബൽറാം
തിരുവനന്തപുരം: വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലയിൽ, വൻതോതിൽ സ്വകാര്യ വിദേശ വായ്പ തേടാൻ തീരുമാനിച്ചിരിക്കുകയാണ് ഇടതുമുന്നണി. ഇതിനായി എൽഡിഎഫിന്റെ പൊതുവികസന രേഖ വരും. എല്ലാ പുതിയ ആശയങ്ങളെയും ആദ്യംതീർത്തും പിന്തിരിപ്പനും ലോക സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുമുള്ള നയം സ്വീകരിച്ച ശേഷം ഇരുപതോ മുപ്പതോ വർഷത്തിന് ശേഷം, പഴയ നിലപാട് തിരുത്തുന്ന നയത്തെ പരിഹസിക്കുകയാണ് വി ടി ബൽറാം.
ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ:
ഏത് കാര്യത്തിലും ആദ്യം തീർത്തും പിന്തിരിപ്പനും ലോക സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുമുള്ള നയം സ്വീകരിക്കും. എന്നിട്ടതിനെ ന്യായീകരിക്കുന്നതിനായി ക്യാപ്സ്യൂളുകൾ ഇറക്കി നാടുനീളെ വമ്പൻ പ്രചരണങ്ങൾ നടത്തും. അതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരെ മുഴുവൻ മോശക്കാരായി ചാപ്പകുത്തും. എതിർക്കുന്നവരെ ചിലപ്പോൾ കായികമായി കൈകാര്യം ചെയ്യുക പോലും ചെയ്യും. ഒപ്പം നിൽക്കുന്ന പിആറുകാർ ഇതൊക്കെ എന്തോ വലിയ കൊമ്പത്തെ ആശയ പോരാട്ടമായി ചിത്രീകരിച്ച് നിർവൃതിയടയും.
എന്നിട്ട് ഒരു ഇരുപതോ മുപ്പതോ വർഷത്തിന് ശേഷം ആ പഴയ നിലപാടുകളൊക്കെ തിരുത്തും. എന്നിട്ടാ പുതിയ നിലപാടിനെ ന്യായീകരിക്കാനായി വീണ്ടും ക്യാപ്സ്യൂളുകളിറക്കി നാടുനീളെ വമ്പൻ പ്രചരണങ്ങൾ നടത്തും. ഒപ്പം നിൽക്കുന്ന പുതിയ പിആറുകാർ ഇതിനെയും നാടിന് വേണ്ടിയുള്ള എന്തോ പുതിയ നയരൂപീകരണമായി ചിത്രീകരിച്ച് നിർവൃതിയടയും.
ദ് സൈക്കിൾ കണ്ടിന്യൂസ്...
സാമൂഹിക നിയന്ത്രണത്തിന് വിധേയമായി വിദേശ നിക്ഷേപം വേണമെന്നാണ് രേഖയിലെ ആവശ്യം. തുടർ സംവാദങ്ങൾ വേണമെന്നതിനാൽ ഇന്നലെ രണ്ട് മണിക്കൂറോളം ചർച്ച ചെയ്ത രേഖയിൽ തീരുമാനമായിട്ടില്ല. 'വിദേശ വായ്പകൾ അടക്കം വേണ്ടി വരുമ്പോൾ നാടിന്റെ പൊതുവായ താൽപര്യം ഹനിക്കുന്ന വായ്പ പാടില്ലെന്ന നയവും സ്വീകരിക്കാൻ കഴിയണം' എന്ന് രേഖയിലുണ്ട്.
സിപിഐഎം എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയുടെ ചുവടുപിടിച്ചാണ് പുതിയ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണമെന്നും ഇതിന് വേണ്ടി വരുന്ന വലിയ തോതിലുള്ള നിക്ഷേപം ഏത് തരത്തിൽ സംഘടിപ്പിക്കണമെന്ന കാര്യം ആലോചിക്കണമെന്നും രേഖയിലുണ്ട്. സ്വകാര്യ സർവ്വകലാശാലകളേക്കുറിച്ചുള്ള പരോക്ഷ പരാമർശമാണ് ഇതെന്ന് മുൻപ് തന്നെ വിമർശനമുയർന്നിരുന്നു. വ്യവസായ പുരോഗതിക്ക് ഭൂമിയുടെ ലഭ്യതക്കുറവ് തടസമാകരുതെന്ന നിർദ്ദേശമാണ് മറ്റൊന്ന്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റണമെന്നും സർക്കാർ തന്നെ മുൻകൈയെടുത്തും ഭൂമി വാങ്ങണമെന്നുമുള്ള നിർദ്ദേശങ്ങളും ചർച്ചയാകും.
വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ വളർച്ചയും മുന്നണിയോഗം ഇന്നലെ ചർച്ച ചെയ്തു. വികസന നയരേഖക്ക് ഈ മാസം അവസാന രൂപമാകും. അടുത്ത മൂന്നര വർഷത്തെ വികസന പദ്ധതികളാണ് മുന്നണി യോഗം ചർച്ച ചെയ്തത്. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി നയരേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്തും. അടുത്ത മുന്നണി യോഗം വികസന രേഖ അംഗീകരിക്കും.
മറുനാടന് മലയാളി ബ്യൂറോ