- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളോ പ്രതികളെ സഹായിച്ചവരോ സംഘടനയിൽ ഉണ്ടെങ്കിൽ നടപടി; വി വസീഫ്
കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഡിവൈഎഫ്‌ഐ ബന്ധം പുറത്തുവന്നതോടെ സിപിഎം ആകെ വെട്ടിലായിരിക്കയാണ്. ചോദ്യങ്ങൾ സിപിഎമ്മിനെതിരെ തിരിഞ്ഞതോടെ ഡിവൈഎഫ്‌ഐയോടു ചോദിക്കാനാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതി. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റെ വി വസീഫ് രംഗത്തുവന്നു.
ഡി. വൈ എഫ് ഐ പ്രവർത്തകർക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ ഉറപ്പായും നടപടി എടുക്കുമെന്ന് വസീഫ് വ്യക്തമാക്കി. പാനൂർ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സംഘടന വിശദമായി അന്വേഷിക്കും. പ്രതികളോ പ്രതികളെ സഹായിച്ചവരോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ഡി വൈ എഫ് ഐക്ക് സംസ്ഥാനത്ത് മുപ്പത്തിനായിരത്തോളം യൂണിറ്റുകൾ ഉണ്ട്. അതിലെ ഭാരവാഹികൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കണം. പ്രദേശികമായ വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഭവം ഉണ്ടായത്. സംയമനത്തോടെ എന്നും പ്രതികരിച്ച സംഘടന ആണ് ഡി വൈ എഫ് ഐയ. പാനൂർ കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഇതുവരെ ഡി വൈ എഫ് ഐ പറഞ്ഞിട്ടില്ല.
ആ കാര്യങ്ങളൊക്കെ പരിശോധിക്കണം. അതിന് ശേഷം കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. പാനൂർ സംഭവത്തെ മാധ്യമങ്ങൾ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടാക്കി കൊടുക്കാനുള്ള ആയുധമാക്കുകയാണെന്നും പറഞ്ഞ വസീഫ്, പൊലീസ് അന്വേഷണത്തിൽ ആരും ഇടപെട്ടിട്ടില്ലെന്നും വിശദീകരിച്ചു.
അതേസമയം പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ഗോവിന്ദൻ പറഞ്ഞു.
പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്‌ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്‌ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്‌ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.