കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇ.പി ജയരാജനെതിരെ കണ്ണൂർ പാർട്ടിയിൽ കരുനീക്കങ്ങൾ വീണ്ടും ശക്തമായി. സി.പി. എം ശക്തി കേന്ദ്രമായ ആന്തൂർ നഗരസഭയിൽ ഇ.പി കുടുംബത്തിന്റെ പങ്കാളിത്തമുള്ള വൈദകം ആയുർവേദ റിസോർട്ട് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പങ്കാളിത്തമുള്ള നിരമായ റീട്രറ്റിന് നടത്തിപ്പു ചുമതല കൈമാറിയതിനെ ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നത്.

പാർട്ടിയുടെ ശക്തി കേന്ദ്രമായ പ്രദേശത്തെ ആയുർവേദ റിസോർട്ട് ബിജെപി നേതാവിന്റെ കോർപറേറ്റ് കമ്പിനിക്ക് നടത്തിപ്പിനു കൈമാറിയതിനെ ചൊല്ലിയാണ് കണ്ണൂർ പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉടലെടുത്തത്. ഈക്കാര്യത്തിൽ കേന്ദ്രകമ്മിറ്റിയംഗവും പാർട്ടി കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജനോട് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ നേരത്തെ തന്റെ കുടുംബത്തിന് വൈദേകത്തിലുണ്ടായ ഒരു കോടി രൂപയുടെ ഓഹരി വിൽക്കാൻ പാർട്ടിനിർദ്ദേശപ്രകാരം ഇ.പി ജയരാജൻ സന്നദ്ധനായിരുന്നുവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

എന്നാൽ ഇതിനിടെയിൽ ബിജെപി നേതാവ് വൈദേകത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെയാണ് കണ്ണൂർ സിപിഎമ്മിലെ നേതാക്കളെ അലോസരപ്പെടുത്തുന്നത്.
സിപിഎം ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബാങ്ക് വൈദേകം വിലയ്ക്കു വാങ്ങാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ ഈ കൈമാറ്റം മറ്റു ഡയറക്ടർമാരുടെ താൽപര്യമില്ലായ്മയിൽ തട്ടി അലസിപോയിരുന്നു. വ്യക്തിപരമായ ഇ.പി ജയരാജനും ഈ കൈമാറ്റത്തിൽ താൽപര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിനിടെയാണ് അതീവരഹസ്യമായി നിരാമയ വൈദകവുമായി കച്ചവടം ഉറപ്പിച്ചത്. ഇതോടെ സി.പി. എം നിയന്ത്രിത സഹകരണ ബാങ്കിന്റെ നീക്കങ്ങൾ പൊളിയുകയായിരുന്നു. ഇ.പി കുടുംബം അതീവരഹസ്യമായി ഈക്കാര്യം നടത്തിയതിൽ സി.പി. എമ്മിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇ.പി ജയരാജൻ ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ സൂചനയാണ് ഇതെന്ന വ്യാജപ്രചാരണം സോഷ്യൽമീഡിയയിൽ നടക്കുന്നതിന്റെ പിന്നിൽ പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയും കാരണമാകുന്നുണ്ട്. ഇടപാടിനെ ചൊല്ലി ബിജെപി- സിപിഎം ഒത്തുകളി ആരോപണവും ഉയരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടിയെന്നാണ് വിമർശനം

വരുന്ന സി.പി. എംകണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിൽ വൈദേകത്തെ കുറിച്ചു ചൂടേറിയ ചർച്ചയുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. വൈദേകത്തിൽ ഇ.പി കുടുംബത്തിന്റെ പങ്കാളിത്തം പാർട്ടിക്കുള്ളിൽ ചർച്ചയാക്കിയ പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈക്കാര്യം ഉന്നയിച്ചേക്കും. ഇതോടെ പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഇ.പി ജയരാജൻ കൂടുതൽ പ്രതിരോധത്തിലാവുമെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ നിരാമയ വൈദേകം ഏറ്റെടുത്തുവെന്ന വാർത്ത കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ നിഷേധിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.