തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാനാകുമെന്നും, ഇടതു-വലതു മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾക്ക് മടുത്ത് മാറ്റം ആഗ്രഹിക്കുന്നുവെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നർമ്മദ കോംപ്ലക്സിന് സമീപമുള്ള ചുവരിൽ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയുടെ പരിപാടിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരിനാണ് കളമൊരുങ്ങുന്നത്. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നും, കോൺഗ്രസിൽ നിന്ന് കെ. മുരളീധരൻ യുഡിഎഫിനായി എത്തുമെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8162 വോട്ടിന്റെയും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 231 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ബിജെപി വട്ടിയൂർക്കാവിൽ മുന്നിലെത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.