തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സിപിഎം അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും, പത്മകുമാര്‍ സൂചിപ്പിച്ച ആ 'ദൈവതുല്യനായ' വ്യക്തിയെ രക്ഷിക്കാനാണോ ഈ മൗനമെന്നും സതീശന്‍ ചോദിച്ചു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ സതീശന്‍ രൂക്ഷമായി പ്രതികരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ 'അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും' എന്ന വര്‍ഗ്ഗീയ പ്രചരണത്തിന് തുല്യമാണിത്. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് അവര്‍ക്കാണോ നല്‍കിയിരുന്നത്? കേരളത്തില്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട് വോട്ട് പിടിക്കാനുള്ള സംഘ്പരിവാര്‍ തന്ത്രമാണ് സിപിഎം പയറ്റുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത ബിനോയ് വിശ്വം എ.കെ. ബാലനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണത്തിനായുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച നടക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണം തുടങ്ങും. രാഹുല്‍ ഗാന്ധിയും ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ആകെ 300 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സര്‍ക്കാര്‍ 742 കോടി രൂപ ബാങ്കിലിട്ട് പലിശ കൂട്ടുമ്പോഴും പാവപ്പെട്ടവര്‍ക്ക് വാടകയോ ചികിത്സാ ചെലവോ നല്‍കുന്നില്ല. ഭൂമി കണ്ടെത്താന്‍ ഒരു വര്‍ഷമെടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ യോഗ്യരല്ല.

കെപിസിസി ഫണ്ട് തട്ടിയെന്ന പേരില്‍ എകെജി സെന്ററില്‍ നിന്ന് പടച്ചുവിടുന്ന 'കാര്‍ഡുകള്‍ക്ക്' സതീശന്‍ മറുപടി നല്‍കി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന 16 വര്‍ഷം പിരിച്ച പണം അദ്ദേഹം വീട്ടില്‍ കൊണ്ടുപോയതാണോ എന്ന് ചോദിച്ച സതീശന്‍, തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.