തിരുവനന്തപുരം: തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ട് വിവാദങ്ങള്‍ക്കിടെ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കള്ളവോട്ടുകൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്ന് വി.ഡി.സതീശന്‍. സഹകരണ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു. കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നുവെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. പന്തളത്ത് ബാങ്ക് തിരഞ്ഞെടുപ്പിനിടെ മര്‍ദനമേറ്റവരെ സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതികരണം.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നു. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുകയാണ്. അങ്ങനെ കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശന്‍ നിലപാട് കടുപ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇരുപത്തിയൊന്നാമത്തെ ബാങ്ക് ആണ് സി പി എം ഇത്തരത്തില്‍ കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി ക്രിമിനല്‍ സംഘത്തെ സിപിഎം ജില്ലാ സെക്രട്ടറി വളര്‍ത്തിയെടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പന്തളത്ത് അരോപിച്ചു.

അതിനിടെ പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതരായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും സ്ഥലത്തുണ്ടായി. കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്ക് നേരെ നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തിയത്.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവര്‍ത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം കാണിച്ചില്ലേ എന്ന കൈരളി ടി വി റിപ്പോര്‍ട്ടറുടെ ചോദ്യത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.

കൈരളി ടി വി റിപ്പോര്‍ട്ടറോട് കയര്‍ക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവര്‍ത്തകരോട് താന്‍ നില്‍ക്കുമ്പോള്‍ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവര്‍ത്തകര്‍ ശാന്തരാവുകയായിരുന്നു. ഇത്തരം തോന്ന്യാസങ്ങള്‍ പാടില്ലെന്ന താക്കീതും നല്‍കിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്.