അടൂര്‍ (പത്തനംതിട്ട): മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ ഹീനമായ പ്രവര്‍ത്തി നടന്നിട്ടും അദ്ദേഹം ഇതുവരെ വായ് തുറന്നിട്ടില്ലെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കാണിച്ചു തരാം. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും സുജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ട്. കാലിനടിയില്‍ ചൂരല്‍ ഉപയോഗിച്ച് 15 തവണ അടിച്ചു. ക്യാമറ ഇല്ലാത്ത സ്ഥലത്തും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറയട്ടെ. അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കാണിച്ചു തരാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയട്ടെ. ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്ന സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വിക്കുമോ? നാമജപ ഘോഷയാത്രയ്ക്ക് എതിരെ ഉള്‍പ്പെടെ എടുത്ത കേസുകള്‍ പിന്‍വിലിക്കുമോ? ശബരിമലയിലെ മാസ്റ്റര്‍ പ്ലാന്‍ പത്താമത്തെ വര്‍ഷമാണോ നടപ്പാക്കുന്നത്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 112 ഏക്കര്‍ വനഭൂമി ഏറ്റെടുത്ത് അതിന് പകരമായി ഇടുക്കിയില് ഭൂമി നല്‍കി വികസന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

എന്നിട്ടും ശബരിമലയുടെ വികസനത്തിനു വേണ്ടി കഴിഞ്ഞ ഒന്‍പതര വര്‍ഷവും ഒന്നും ചെയ്യാത്തവര്‍ അയ്യപ്പ ഭക്തരെ കബളിപ്പിക്കാന്‍ പത്താമത്തെ വര്‍ഷമാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് പറയുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറയട്ടെ. വര്‍ഗീയവാദികള്‍ക്കും സംഘടനകള്‍ക്കും ഇടം ഉണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി- സി.പി.എം ധാരണയാണോയെന്ന് സംശയിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബദല്‍ സംഗമത്തെ കുറിച്ചൊന്നും യു.ഡി.എഫ് ആലോചിച്ചിട്ടില്ല.

യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി നല്‍കട്ടെ. യു.ഡി.എഫ് എല്ലായിപ്പോഴും അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ്. അതിന്റെ പേരില്‍ യു.ഡി.എഫ് പിന്തിരിപ്പന്മാരും ഫ്യൂഡലുകളുമാണെന്ന് അന്ന് പറഞ്ഞവരാണ് അയ്യപ്പ സംഗമവുമായി ഇറങ്ങിയിരിക്കുന്നത്. നവേത്ഥാന സമിതിയുണ്ടാക്കി ആചാരലംഘനത്തിന് കൂട്ടു നിന്നവരാണ് ഇവര്‍. ഇപ്പോഴും നവോത്ഥാന സമിതി നിലനില്‍ക്കുന്നുണ്ട്.

നവോത്ഥാന സമിതിയുടെ അഭിപ്രായം ഇപ്പോഴും അതുതന്നെയാണ്. അതേ നിലപാടുകളില്‍ നിന്നുകൊണ്ടാണ് അയ്യപ്പ സംഗമത്തിന് ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ-സതീശന്‍ കൂട്ടിച്ചേര്‍ത്തു.