ആലപ്പുഴ: പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജീവ് ചന്ദ്രശേഖര്‍ ശുദ്ധനായ രാഷ്ട്രീയക്കാരനാണ്. വളഞ്ഞ വഴി അറിയാത്ത നേതാവാണ്. ബിജെപിയില്‍ എല്ലാവരും ഒരേ ഗ്രൂപ്പായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അണിനിരക്കുമെന്നാണ് വിശ്വാസം. കഴിവുള്ള കച്ചവടക്കാരന്‍ ആയ നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നം വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തയിരുന്നു രാജീവ്. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത്. രാജീവ് ചന്ദ്രശേഖറുമായി സുഹൃദ്ബന്ധമുണ്ടെന്നും സത്യസന്ധനും ശുദ്ധനുമായ വ്യവസായി ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും 12 വര്‍ഷത്തെ വ്യക്തി ബന്ധമാണ് തനിക്ക് വെള്ളാപ്പള്ളിയുമായി ഉള്ളതെന്നും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. താന്‍ വെള്ളാപ്പള്ളിയുടെ അനുഗ്രഹവും ഉപദേശവും തേടിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരുടെ വളവുതിരിവുകള്‍ അറിയാത്ത നേതാവാണ് രാജീവ് ചന്ദ്രശേഖര്‍ എന്നും എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുള്ള കച്ചവടക്കാരനായ നേതാവാണ് രാജീവ് എന്നും അദ്ദേഹം വെള്ളാപ്പള്ളി പറഞ്ഞു.

'രാഷ്ട്രീയമായി രാജീവിന് ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ, എന്റെ വിശ്വാസം എന്നെയും. കേരളത്തിന്റെ ചാര്‍ജ് അദ്ദേഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ദേഹവും അത് പ്രതീക്ഷിച്ചതല്ല. ബിജെപിയില്‍ ഒരുപാട് പേര്‍ നേതാവാകാന്‍ നടക്കുകയാണ്. എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ടു പോകാനുള്ള കഴിവുള്ള കച്ചവടക്കാരന്‍ ആയ നേതാവാണ് രാജീവ്,' വെള്ളാപ്പള്ളി പറഞ്ഞു.

ഗ്രൂപ്പിസം ഇല്ലാത്ത ഒരു ബിജെപിയായി മാറാനുള്ള സാഹചര്യം നിലവില്‍ ബിജെപിക്ക് ഉണ്ടെന്നാണ് മനസിലാക്കുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിലും വെള്ളാപ്പള്ളി പ്രതികരണം രേഖപ്പെടുത്തി. ബില്‍ മുസ്ലീങ്ങള്‍ക്കെതിരല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലീം സമുദായത്തിന്‍രെ ശക്തി കാണിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ലമെന്റിലെ വോട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്ളുകൊണ്ട് ആഗ്രഹമില്ലാത്തവരും വോട്ട് ചെയ്തു. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിര്‍ത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.