- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വള്ളം മുങ്ങുമ്പോള്‍ കിളവിയെ വെള്ളത്തിലിട്ടു രക്ഷപെടാന്‍ ശ്രമിക്കുന്ന ശൈലി; ഗോവിന്ദന് മാഷ് ആര് പറഞ്ഞാലും തിരുത്തില്ല'; വിമര്‍ശിച്ച് വെള്ളാപ്പള്ളി
ചേര്‍ത്തല: സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗുരുനാരായണ ധര്‍മസമന്വയ ശിബിരവും ഗുരുപൂര്‍ണിമാഘോഷവും ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"വള്ളം മുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ചു വെള്ളത്തിലിട്ടു രക്ഷപെടാന്‍ ശ്രമിക്കുന്ന ശൈലിയാണ് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ എല്ലാ സമുദായങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്.
വള്ളം മുങ്ങാന്‍ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എന്‍ഡിപിയെ വെള്ളത്തിലിടാന്‍ നോക്കണ്ട. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല. ഗോവിന്ദന് മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുെമെന്നും വെളളാപ്പള്ളി വിമര്‍ശിച്ചു.
"എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷമാണു എസ്എന്‍ഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എന്‍ഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും പ്രവര്‍ത്തനം എന്താണെന്നും എം.വി. ഗോവിന്ദന് അറിയില്ല. രാഷ്ട്രീയമായ വീതംവയ്പ്പില്‍ ഈഴവാദി പിന്നാക്ക വിഭാഗങ്ങള്‍ തഴയപ്പെട്ടു. ഈ സത്യം വിളിച്ചുപറയുന്നതുകൊണ്ടാണ് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്" വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ന്യൂനപക്ഷ പ്രീണനമാണ് എല്‍ഡിഎഫിന്റെ വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്റെ മാറ്റം എല്‍ഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവര്‍ത്തിക്കണം.യുഡിഎഫിന്റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുന്നത്. എല്‍ഡിഎഫിന്റെ ഐശ്വര്യമാണ് എന്‍ഡിഎ എന്നും വെള്ളാപ്പള്ളി നടേശന് ചേര്‍ത്തലയില്‍ പറഞ്ഞു.