- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
30 സ്ത്രീകളുമായി ബന്ധം, പോക്സോ കേസ്: വിളവൂർക്കലിൽ കൂട്ടനടപടിയെടുത്ത് സിപിഎം; ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നൽകി; ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി; ജിനേഷിന്റെ കാര്യത്തിൽ അടക്കം ജാഗ്രത പുലർത്തിയില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസിൽ നടപടിയെടുത്ത് സിപിഎം. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തു നിന്നും നീക്കി, താക്കീതും നൽകി. ലോക്കൽ കമ്മിറ്റിയംഗം വിശ്വനാഥിനാണ് പകരം ചുമതല. ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും 2 ലോക്കൽ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോക്സോ കേസ് പ്രതി ജിനേഷിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതു കൊണ്ടാണ് മലയം ബിജുവിനെ നീക്കിയതെന്നാണ് വിശദീകരണം. പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച േകസിൽ ജിനേഷ് ഉൾപ്പെടെ 8 പ്രതികളാണുള്ളത്. ജിനേഷിനെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് 30 ഓളം സ്ത്രീകളുമായി ബന്ധമുള്ളതായി കണ്ടത്. ലഹരിക്കേസിലും ഇയാൾ പ്രതിയാണ്.
അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നണ് ജിനേഷിനെതിരായ പ്രധാന കേസ്. ഡിവൈഎഫ്ഐ. വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്നു ജിനേഷ്. ഇയാളെ കൂടാതെ തൃശ്ശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയിൽ എ.അരുൺ(മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പൊലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പൊലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്തെന്നും പൊലീസ് സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ