തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ യഥാര്‍ഥ ശില്‍പി ആര്? യുഡിഎഫിന് സംശയമൊന്നുമില്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ബേബിയാണ് വിഴിഞ്ഞം പദ്ധതി. ആദ്യമെത്തിയ കപ്പലിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമ്പോള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാതിരുന്നത് യുഡിഎഫിനെ ചൊടിപ്പിച്ചു. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ പറയുന്നു.

യുഡിഎഫ്. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ വൈകിട്ട് പ്രകടനം നടത്തുമെന്നും ഹസന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നും അവിടെ ചരക്ക് കപ്പലടുക്കുമ്പോള്‍ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബേബിയാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തും. ആരോപണങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തി വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി വിജയനും കൂട്ടരുമാണ് ഇന്നിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഇത് പരിഹാസ്യമാണ്. വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫിന്റെ പങ്ക് സമ്മതിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് അസഹിഷ്ണുതയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ചിരുന്നു. നാടിന്റെ വികസനത്തിന് യുഡിഎഫ് എതിരല്ലെന്നും അതിനാല്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ അഹ്വാനം ചെയ്തിട്ടില്ലെന്നും എം.എം.ഹസ്സന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തര്‍ക്കിക്കാം പക്ഷേ മാതൃത്വം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപിയും പങ്കെടുക്കുമെന്ന് എം.വിന്‍സെന്റ് എംഎല്‍എയും പറഞ്ഞിട്ടുണ്ട്. താന്‍ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂര്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.

അതിനാല്‍ പങ്കെടുക്കുന്നത് അനുചിതമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. ഈ പ്രശ്നങ്ങള്‍ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സര്‍ക്കാര്‍ പരിഹരിക്കണം. തീരദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കണമെന്നും തരൂര്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കൊടിപിടിച്ചവര്‍ ഇപ്പോള്‍ പദ്ധതിയെ തങ്ങളുടെ കുഞ്ഞാക്കി മാറ്റാന്‍ ശ്രമിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നത് വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എല്‍.ഡി.എഫിന് അവകാശപ്പെടാന്‍ കഴിയുക. 2019ല്‍ തീരേണ്ട പദ്ധതി അവരുടെ സമരം കാരണമാണ് നീണ്ടത്. 2015ല്‍ പദ്ധതിക്ക് തുടക്കം കുറിക്കുമ്പോള്‍ ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. തറക്കല്ലിടാന്‍ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല.

വിഴിഞ്ഞത്ത് കപ്പല്‍ വരുന്നുവെന്നത് തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക്? ലഭിക്കുന്ന വലിയ ആദരം. തിരുവനന്തപുരത്തിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്നവര്‍ ലൈറ്റ് മെട്രോയുടെ അവസ്ഥയെകുറിച്ചുകൂടി പറയണം. ലത്തീന്‍ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. വി.എസ്.എസ്.സി ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ വരാന്‍ ത്യാഗം സഹിച്ചവരാണ് ലത്തീന്‍ സമുദായം. അവരെ ചേര്‍ത്തുപിടിക്കണം. അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.