- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കമാണ്ട് പൊട്ടിത്തെറിച്ചു; കെപിസിസിയും അതൃപ്തി അറിയിച്ചു; പിന്നാലെ നിലപാട് തിരുത്തി വികെ ശ്രീകണ്ഠന്‍; അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പാലക്കാട് എംപി; മാധ്യമങ്ങളെ പഴിചാരി വിവാദം ഒഴിവാക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കര്‍ശന നിലപാടില്‍
പാലക്കാട്: അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍ അതിവേഗം പ്രതികരിച്ചത് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച ഈ പരാമര്‍ശം പിന്‍വലിക്കുന്നതായും ശ്രീകണ്ഠന്‍ പറഞ്ഞു. കെപിസിസിയും ശ്രീകണ്ഠനെ അതൃപ്തി അറിയിച്ചിരുന്നു. ഇരകളെ കോണ്‍ഗ്രസ് അപമാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ ലംഘനമായിരുന്നു ശ്രീകണ്ഠന്റെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് അതിവേഗ ക്ഷമാപണം ശ്രീകണ്ഠന്‍ നടത്തുന്നത്. വിഡി സതീശന്‍ അതിശക്തമായ നിലപാട് ശ്രീകണ്ഠനെതിരെ എടുത്തുവെന്നാണ് സൂചന.
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് ശ്രീകണ്ഠന്റെ ഖേദ പ്രകടനം. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വളച്ചൊടിച്ചുവെന്നും ശ്രീകണ്ഠന്‍ എംപി പറഞ്ഞു. പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോണ്‍ഗ്രസ് ശൈലിയല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞത് തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സ്ത്രീയെ അപമാനിക്കാന്‍ ഉദേശിച്ചില്ലെന്നും വി.കെ. ശ്രീകണ്ഠന്‍ വിശദീകരിച്ചു. വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് ശ്രീകണ്ഠന്‍ പ്രസ്താവന പിന്‍വലിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വി.കെ ശ്രീകണ്ഠന്‍ ആദ്യം സ്വീകരിച്ചത്. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നുമായിരുന്നു ശ്രീകണ്ഠന്റെ ആദ്യ പ്രതികരണം. രാഹുലിനെതിരെ ആരോപണങ്ങള്‍ പറയുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും അവര്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെടുന്നില്ലെന്നുമായിരുന്നു എംപിയുടെ ചോദ്യം.
പരാതി ഉന്നയിച്ച സ്ത്രീകളെയും വി.കെ. ശ്രീകണ്ഠന്‍ അപമാനിച്ചിരുന്നു. അര്‍ധവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ എന്നും വി കെ ശ്രീകണ്ഠന്‍ എംപി ചോദിച്ചിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തിലില്‍ സ്വയം രാജിവച്ചതാണെന്ന വാദത്തെ ശ്രീകണ്ഠന്‍ തള്ളി. പാര്‍ട്ടി പറഞ്ഞത് പ്രകാരമാണ് രാജിവച്ചതെന്നും അതേസമയം എംഎല്‍എ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്ന് ആരോപിച്ച് പരാതിക്കാരെ അപമാനിച്ച വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ കടന്നാക്രമണത്തിന് പിന്നില്‍ രഹസ്യ അജണ്ടയോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
'ഇര'കളെ പ്രകോപിപ്പിച്ച് പരാതി പോലീസില്‍ എത്തിക്കാനുള്ള തന്ത്രമാണ് ഇതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു. വിവാദങ്ങളോട് എന്നും സംയമനം പാലിക്കുന്ന നേതാവാണ് ശ്രീകണ്ഠന്‍. എന്നാല്‍ പരിധി ലംഘിച്ചാണ് മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്തിയവരെ കളിയാക്കിയത്. പോലീസില്‍ പരാതി എത്തിയാല്‍ രാഹുലിനെതിരെ കേസു വരും. ഇത് പ്രതിസന്ധിയുണ്ടാക്കും. ഇതിന് വേണ്ടിയുള്ള നീക്കമാണ് ശ്രീകണ്ഠന്റേതെന്ന് കരുതുന്നവരുണ്ട്. ഇരകളെ ആരും അപമാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ശ്രീകണ്ഠന്റെ കടന്നാക്രമണം. പ്രശ്നം വഷളാക്കുന്നതില്‍ നിന്നും പിന്മാറാന്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും കെപിസിസി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് ഖേദപ്രകടനവുമായി ശ്രീകണ്ഠനും എത്തിയത്.
രാഹുലിനെതിരേ ആരോപണങ്ങള്‍ പറയുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും അവര്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെടുന്നില്ലെന്നും ശ്രീകണ്ഠന്‍ ചോദിച്ചു. പരാതി ഉന്നയിച്ച സ്ത്രീകളെയും വി.കെ. ശ്രീകണ്ഠന്‍ അപമാനിച്ചു. അര്‍ധവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം. ''ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്, പക്ഷേ, അവരാരും പരാതിക്കാര്‍ അല്ലല്ലോ. ഏതെങ്കിലും സ്റ്റേഷനില്‍ പരാതി കൊടുത്തോ. ആരോപണം ഉന്നയിച്ച വ്യക്തിപോലും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രാഹുലിന്റെ ഓഡിയോ ആണെന്ന് പറയാന്‍ നിങ്ങള്‍ ആരാണ് ഫോറന്‍സിക് വിദഗ്ധരോ?. എഐ വീഡിയോ പോലും ഇക്കാലത്ത് ഇറക്കാമല്ലോ. ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ ഓരോരുത്തരുടെ വെളിപ്പെടുത്തലാണല്ലോ. ഓരോ മീഡിയയില്‍ പറഞ്ഞതാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം പുറത്തുവന്നിട്ടില്ല. ? ഗൂഢാലോചനയുണ്ടോ എന്നറിയില്ല. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞവര്‍ അര്‍ധവസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നത്. എന്താ അതിന്റെയൊക്കെ പിന്നില്‍? ആരുണ്ട്, എന്തുണ്ട് എന്നൊക്കെ ആന്വേഷിച്ചാല്‍ സത്യം പുറത്ത് വരും.''- വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീകണ്ഠനും ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാങ്കൂട്ടത്തിലിന്റെ മത്സര സാധ്യത എല്ലാം അര്‍ത്ഥത്തിലും അടപ്പിക്കാന്‍ കേസ് അനിവാര്യതയാണെന്ന വാദം ശക്തമാണ്. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള പ്രകോപനമാണ് ശ്രീകണ്ഠന്റേതെന്ന് മാങ്കൂട്ടത്തില്‍ ക്യാമ്പും വിലയിരുത്തുന്നുണ്ട്.