തൃശൂര്‍: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയതില്‍ ഗുരുതരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് സിപിഐ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും അതിനാല്‍ വോട്ടര്‍പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് സിപിഐ ആരോപിച്ചു. കളക്ടറുടെ ഇരട്ട വോട്ടിന്റെ തെളിവുകള്‍ പുറത്തുവിട്ടു.

ശോഭാ സിറ്റിയില്‍പ്പെട്ട 17 വോട്ടുകള്‍, അതേ വിലാസത്തില്‍ ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സിപിഐ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചുകളിക്കുകയാണെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സിപിഐയുടെ തീരുമാനം.

നേരത്തെ, തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിപിഐയും കോണ്‍ഗ്രസും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബി.ജെ.പി. നേതാവ് കെ.ആര്‍. ഷാജിയുടെ വോട്ടില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനായ കെ.ആര്‍. ഷാജിയുടെ വോട്ട് 2024-ല്‍ പൂങ്കുന്നത്തേക്ക് മാറ്റിയെന്നാണ് സുനില്‍കുമാര്‍ പറഞ്ഞത്. ഷാജിയുടെ ഭാര്യയുടെയും അമ്മയുടെയും വോട്ടുകള്‍ വരവൂര്‍ പഞ്ചായത്തില്‍ തന്നെയാണെങ്കിലും, ഷാജിയുടെ വോട്ട് പൂങ്കുന്നത്തെ ഇന്‍ലാന്‍ഡ് ഫ്‌ലാറ്റില്‍ 1119, 1121 എന്നീ നമ്പറുകളായി ക്രമരഹിതമായി ചേര്‍ത്തതായി കണ്ടെത്തിയെന്നും, ഇത് ആയിരക്കണക്കിന് ആളുകളെ ബി.ജെ.പി. കൂട്ടമായി കൊണ്ടുവന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, തൃശൂരിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കോണ്‍ഗ്രസും പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഒരു ഫ്‌ലാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജും ആരോപിച്ചിരുന്നു.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.