തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു. പ്രവർത്തന മണ്ഡലമായ കാസർകോട്ടേക്ക് മടങ്ങാൻ പാർട്ടി നിർദേശിച്ചത് അനുസരിച്ചാണ് മുസ്തഫ മടങ്ങുന്നത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് അദ്ദേഹം. പഴ്‌സണൽ സ്റ്റാഫിൽ നിന്നും മടങ്ങുമ്പോൾ പകരം ആർക്കാണ് ചുമതലയെന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.

കാസർകോട്ടെ സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദേശപ്രകാരമാണ് രാജി. അതേസമയം, അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുസ്തഫയെ പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. ജില്ലകളിൽ സംഘടനാ ചർച്ചകൾ പൂർത്തിയായ ഘട്ടത്തിലാണ് മുസ്തഫയെ തിരികെ വിളിക്കുന്നത്.

പാർട്ടിയെ ശക്തിപ്പെടുത്താൻ മുസ്തഫയുടെ സാന്നിധ്യം ആവശ്യമാണെന്ന് കാസർകോട്ടെ ചർച്ചയിൽ അഭിപ്രായമുയർന്നു. എം വി ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മുസ്തഫ. നേരത്തേ, പെരിയ ഇരട്ടക്കൊലപാതക കേസിൽ മുസ്തഫയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന സിപിഎം യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. 2019 ജനുവരി 7ന് നടന്ന യോഗത്തിലെ മുസ്തഫയുടെ പ്രസംഗമാണ് വിവാദമായത്. അന്ന് പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു മുസ്തഫ. പിന്നീട് മുസ്തഫ ഖേദപ്രകടനം നടത്തി.