'ആരെങ്കിലും വിഎസ്സിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി'; വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ കരാര്‍ ഒപ്പിട്ടതടക്കം വിവരിച്ച് സുരേഷ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന് തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും പരാമര്‍ശം നടത്താത്തതില്‍ വിമര്‍ശനവുമായി വി എസിന്റെ മുന്‍ സ്റ്റാഫ് എ സുരേഷ് രംഗത്ത്.
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വി എസ് നടത്തിയ കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ സുരേഷ്, ഇന്നത്തെ ഉത്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സത്യത്തിനും... ആശകള്‍ക്കും... ആഗ്രഹങ്ങള്‍ക്കും... പ്രസക്തിയില്ലാത്ത കെട്ട കാലം... എന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് കുറിപ്പ് അവസാനിപ്പിച്ചത്.
വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായെന്നും മദര്‍ഷിപ്പ് നങ്കൂരമിട്ടെന്നും ഇതില്‍ സന്തോഷമെന്നും പറഞ്ഞാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും ചെയ്തത് വി എസ്സിന്റെ കാലത്താണ്. അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചതായും സുരേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.
പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചര്‍ച്ച നടത്താന്‍ വന്നു ചര്‍ച്ച നടത്തിയതും ആ കാലത്താണ്. എന്നാല്‍, ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും വി എസ്സിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി. സത്യത്തിനും ആശകള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കെട്ട കാലം എന്ന് പറഞ്ഞ് സുരേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുകയാണ്.
ചരിത്രമാകുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍വാനന്ത സോനോവാളും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്കി.
ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്സിഞ്ഞോര് നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിന്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി വേണു ചടങ്ങില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ കെ നായനാര്‍ മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാര്‍ ഒപ്പുവെച്ചത്. പ്രദേശ വാസികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂര്‍ത്തിയായതെന്നും വി എന്‍ വാസവന് പറഞ്ഞു.
സുരേഷിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായി..
മദര്‍ഷിപ്പ് നങ്കൂരമിട്ടു.. ഏറ്റവും സന്തോഷം..
പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും....
VISIL അതായത് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും... ബാങ്കുകളുടെ consortium രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും.....
അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും... (പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു )
പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചര്‍ച്ച നടത്താന്‍ വന്നു ചര്‍ച്ച നടത്തിയതും ഒക്കെ...
മേല്പറഞ്ഞ കാര്യങ്ങള്‍ നടത്തിയത് സ വി എസ് ആയിരുന്നു... വി എസ്സ് സര്‍ക്കാരിന്റെ കാലത്തായിരുന്നു...
ഇന്നത്തെ ഉത്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും സ വി എസ്സിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി...
സത്യത്തിനും... ആശകള്‍ക്കും... ആഗ്രഹങ്ങള്‍ക്കും... പ്രസക്തിയില്ലാത്ത കെട്ട കാലം...