- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ തൊലിക്കട്ടി അനുസരിച്ച്; കർണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ യെച്ചൂരിയുടെ ചിത്രം ചൂണ്ടി സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം; സൈബറിടത്തിൽ വിമർശനം കടുത്തപ്പോൾ പിൻവലിച്ചു; ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് തെറ്റിദ്ധരിച്ചതോടെ പിൻവലിക്കുന്നതായി ബൽറാം
തിരുവനന്തപുരം: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആഘോഷത്തിലാണ് കേരളത്തിലെ കോൺഗ്രസുകാരും. ഇക്കൂട്ടത്തിൽ അവസരം കിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കടന്നാക്രമിക്കുന്ന വി.ടി.ബൽറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. പിണറായി വിജയനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിരുന്നില്ല. പകരം യെച്ചൂരിയെ ക്ഷണിക്കുകയും ചെയ്തു. യെച്ചൂരി പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് പല കോൺഗ്രസുകാരും വിമർശനം ഉന്നയിച്ചത്.
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിൽക്കുന്ന ചിത്രമാണ് ബൽറാം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 'ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ. ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്നാണ് അദ്ദേഹം ചിത്രം പങ്കിട്ട് കുറിച്ചത്.
കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യം ചേർന്നായിരുന്നു സിപിഎം കോൺഗ്രസിനും ബിജെപിക്കുമെതിരെ മത്സരിച്ചത്. ഇതോടെ കരുത്തുണ്ടായിരുന്ന ഏക മണ്ഡലത്തിൽ പോലും സിപിഎം മൂന്നാമതായി. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സിപിഎമ്മിനെ പരിഹസിച്ച് ബൽറാം എത്തിയത്.
അതേസമയം ബൽറാമിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വി.ടി ബൽറാം രംഗത്തെത്തിയത്.
'കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.' വി.ടി ബൽറാം കുറിച്ചു.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 ഓളം നേതാക്കൾ കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനം കൂടിയായി ശ്രീകണ്ഠീരവ സ്റ്റേഡിയം മാറി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ?ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്കയും രാഹുലും അടക്കമുള്ള കോൺഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു.
കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.




