തിരുവനന്തപുരം: എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്നും ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂവെന്നും വി. വി രാജേഷ്. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മേയർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു വി. വി രാജേഷിൻറെ പ്രതികരണം. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

കോർപ്പറേഷനിലെ 50 കൗൺസിലർമാരും മേയറാകാൻ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ദൗത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും, ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങാനൂർ കൗൺസിലറും ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുമായ വി.വി. രാജേഷ് തലസ്ഥാനത്തെ പാർട്ടിയുടെ മുഖമായാണ് അറിയപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ കൗൺസിലർ പദവിയിലേക്കുള്ള രണ്ടാമൂഴമാണ്.

ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായ ആശാനാഥ് ഈ തീരുമാനം അപ്രതീക്ഷിതമാണെന്നും പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും ജനങ്ങളിൽ ഒരാളായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. മുൻ ഡിജിപി ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറിയതെന്നാണ് വിവരം. ശ്രീലേഖ ഡെപ്യൂട്ടി മേയറാകില്ലെന്നും, അവർക്ക് കൂടുതൽ വിജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ, വി.വി. രാജേഷ്, ആർ. ശ്രീലേഖ, പാപ്പനംകോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം മുരളീധര പക്ഷമാണ് ഇടപെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും മത്സരിക്കുന്നു. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി. ശിവജിയാണ്.