കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്ന് കിറ്റില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍.

തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സൂക്ഷിച്ച കിറ്റെന്ന് ടി ിസിദ്ദിഖ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എത്തിച്ച കിറ്റാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പു ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

കിറ്റ് പഴയതല്ല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്നതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നകതിന് തുല്യമെന്ന് സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ആരോപിച്ചു. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്.

അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കിറ്റുകള്‍ വിതരണം ചെയ്തത് ഉദ്യോഗസ്ഥര്‍ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ട് പ്രതികരിച്ചു. പഞ്ചായത്ത് സ്വന്തമായി കിറ്റുകള്‍ വിതരണം ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ് കിറ്റുകള്‍ കിട്ടിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച കിറ്റ് നല്‍കിയത് ഗൗരവമേറിയ കാര്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. രണ്ടുമാസം മുമ്പത്തെ കിറ്റാണ് ഇപ്പോള്‍ കൊടുത്തതെങ്കില്‍ ഗൗരവമായ കാര്യമാണ്. സംഭവം റവന്യു വകുപ്പ് അന്വേഷിക്കും. പുഴുവരിച്ച ധാന്യങ്ങള്‍ റവന്യു വകുപ്പ് കൊടുത്തതല്ലെന്നും മന്ത്രി വ്യക്തമാക്കി.